കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന് സി.പി.എം
text_fieldsതൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം ഗൗരവപൂർവം കൈകാര്യം ചെയ്യുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. ജില്ല നേതൃത്വത്തിനും വീഴ്ചയുണ്ടായെന്ന സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തലും ജില്ല സെക്രട്ടേറിയറ്റിൽ അറിയിച്ചു.
നേരത്തെ ഇൗ വിഷയം അന്വേഷിച്ച പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവരുടെ അന്വേഷണ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചു. നടപടിയിൽ തീരുമാനമെടുക്കാൻ തിങ്കളാഴ്ച രാവിലെ വീണ്ടും സെക്രട്ടേറിയറ്റും ശേഷം ജില്ല കമ്മിറ്റി യോഗവും ചേരും. ഇതിൽ നടപടി തീരുമാനിക്കും. കരുവന്നൂർ, പൊറത്തിേശരി ലോക്കൽ കമ്മിറ്റികൾക്കും വീഴ്ചയുണ്ടെന്നാണ് വിലയിരുത്തൽ. ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റികളും പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടായേക്കുമെന്നാണ് സൂചന.
ഇതോടൊപ്പം ജില്ലയിലെ സഹകരണ മേഖലയിലെ ഇത്തരം ക്രമക്കേടുകൾ സംബന്ധിച്ച പരിശോധനക്ക് സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ സെക്രട്ടേറിയറ്റിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച ചേരുന്ന ജില്ല സെക്രട്ടേറിയറ്റിലും ജില്ല കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും.
ബേബി ജോൺ മുതൽ എം.എം. വർഗീസ് വരെയുള്ളവർക്ക് ബാങ്ക് ക്രമക്കേട് സംബന്ധിച്ച് പരാതി നൽകുകയും അന്വേഷണ കമീഷനെ വെക്കുകയും ക്രമക്കേട് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും ഗൗരവപൂർവം പരിഗണിക്കാതിരുന്നതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് വിലയിരുത്തൽ. തട്ടിപ്പിെൻറ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജില്ല ഘടകത്തിന് കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമര്‍ശനം. ആദ്യം പരാതി ലഭിച്ചത് തൃശൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയില്‍ അന്വേഷണം തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
ജില്ലയില്‍ നിന്ന് തന്നെയുള്ള എ.സി. മൊയ്തീന് അന്ന് സഹകരണ മന്ത്രിയായിരുന്നു. അതിനാല്‍ തട്ടിപ്പിനെക്കുറിച്ച് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു. എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ല. ഈ സാഹചര്യത്തിൽ ജില്ലയിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.