കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ മന്ത്രി എ.സി മൊയ്തീന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്
text_fieldsതൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിലാണ് രാവിലെ മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിലും കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും ഇ.ഡി സംഘം 2022 ആഗസ്റ്റ് 10ന് മിന്നൽ പരിശോധന നടത്തിയിരുന്നു. ഇ.ഡി കൊച്ചി യൂനിറ്റ് എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിൽ 75 ഉദ്യോഗസ്ഥരാണ് 20 മണിക്കൂർ നീണ്ട പരിശോധന അന്ന് നടത്തിയത്.
ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്റ് ജിൽസ്, കമീഷൻ ഏജന്റ് ബിജോയ് എന്നിവരുടെയും ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെയും വീടുകളിലും പരിശോധന നടത്തിയിരുന്നു. ദിവാകരന്റെ വീട്ടിൽ നിന്ന് വസ്തുക്കളുടെ ആധാരവും ബാങ്കിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിച്ചതോടെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് വീണ്ടും സജീവമായത്. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇ.ഡി അന്വേഷണം നടത്താത്തത് വിവാദത്തിന് വഴിവെച്ചിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശ്ശേരി സ്വദേശിയുമായ എം.വി. സുരേഷ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആഗസ്റ്റ് 16ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം 192 വ്യാജ വായ്പകളാണ് കണ്ടെത്തിയത്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ എം.കെ. ബിജു, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, പി.പി. കിരൺ, റബ്കോ കമീഷൻ ഏജന്റായിരുന്ന എ.കെ. ബിജോയി, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന കെ. റെജി, ടി.എസ്. ബൈജു, എം.ബി. ദിനേശ്, വി.കെ. ലളിതകുമാർ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. മുഹമ്മദ് അസ്ലം, സി.എ ജോസ്, എം.എ. ജിജോരാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദൻ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 18 വരെയുള്ള പ്രതികൾ.
മൂന്നാറിലും തേക്കടിയിലും പ്രതികൾക്ക് റിസോർട്ടുകളടക്കം 11 ബിസിനസ് സംരംഭങ്ങളുണ്ട്. ഈട് നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് തട്ടിപ്പു നടത്തിയത്. വ്യാജവായ്പകളെടുത്ത് പ്രതികൾ നിക്ഷേപകരെയും ബാങ്കിനെയും ചതിക്കുകയായിരുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.