കരുവന്നൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്ക് രൂക്ഷ വിമർശനം
text_fieldsതൃശൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനം. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിതന്നെയാണ് പ്രധാന വിഷയം. തൃശൂർ ജില്ലയിൽ മുന്നൂറോളം ബ്രാഞ്ച് സമ്മേളനങ്ങളാണ് പൂർത്തിയായത്.
ജില്ല കമ്മിറ്റിക്ക് അകത്തെ വിഭാഗീയതക്കും ഏരിയ കമ്മിറ്റി അംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതിനും എതിരെ രൂക്ഷ വിമർശനങ്ങളാണ് സമ്മേളനങ്ങളിൽ അംഗങ്ങൾ ഉയർത്തുന്നത്. സംസ്ഥാന തലത്തിൽതന്നെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ കരുവന്നൂർ ബാങ്ക് കാരണമായതിന് ഉത്തരവാദികൾ സംസ്ഥാന -ജില്ല നേതാക്കളാണെന്ന് അംഗങ്ങൾ തുറന്നടിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീൻ, മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി.കെ. ബിജു, മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർക്കെല്ലാം നേരെ വിമർശനങ്ങളുയർന്നു.
ക്രമക്കേട് അറിഞ്ഞിട്ടും നടപടിയെടുക്കുന്നതിന് പകരം അവർക്ക് സൗകര്യമൊരുക്കുകയായിരുന്നുവെന്ന് നേതാക്കൾക്കെതിരെ ചിലർ പൊട്ടിത്തെറിച്ചു. നേരത്തേ തെരഞ്ഞെടുപ്പിലെ തോൽവിയിൽ വിഭാഗീയതയുണ്ടായെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തതിനേക്കാൾ കൊടിയ കുറ്റമാണ് കരുവന്നൂരിൽ നേതാക്കളിൽ നിന്നുണ്ടായതെന്ന വിമർശനമാണ് കരുവന്നൂരിലെ ബ്രാഞ്ചുകളിൽനിന്ന് ഉയർന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാടായിക്കോണം ബ്രാഞ്ച് സമ്മേളനം നടന്നത്. ബാങ്കിെൻറ തട്ടിപ്പിനെതിരെ പാർട്ടിയിൽ പരാതിപ്പെടുകയും നടപടിയില്ലാതെ വന്നപ്പോൾ പരസ്യ പ്രതിഷേധം നടത്തിയതിന് പുറത്താക്കപ്പെടുകയും ചെയ്ത മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടിെൻറ ബ്രാഞ്ചാണിത്. സമ്മേളനത്തിെൻറ അന്നാണ് സുജേഷിനെ കാണാനില്ലെന്ന വിവാദമുയർന്നത്. ഇവിടെ സെക്രട്ടറി സ്ഥാനത്തേക്ക് ആരും തയാറായില്ല. പിന്നീട് സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് രാജിപ്രഖ്യാപിച്ച പ്രജീഷിനെ സെക്രട്ടറിയായി ഏരിയ നേതൃത്വം ചുമതലപ്പെടുത്തി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം ഇരിങ്ങാലക്കുട മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ നേതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.