``ഞാൻ ഇല്ലാതായാലും പാർട്ടിക്കാർ വീട്ടിൽ വരരുത്; ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും'' ജോഷിയുടെ കത്ത് ചർച്ചയാകുന്നു
text_fieldsകരുവന്നൂര്‍ ബാങ്കിൽ 82 ലക്ഷം നിക്ഷേപമുള്ള ജോഷി ആൻറണിയെ അറിയില്ലേ. ചികിത്സാവശ്യത്തിന് തന്റെ നിക്ഷേപത്തിൽ നിന്നും പണം ആവശ്യപ്പെട്ടിട്ട് ലഭിച്ചത് നാമമാത്രമായ തുകയാണ്. ഈ സാഹചര്യത്തിലാണ് വൈകാരികമായി കത്തിലൂടെ ജോഷി പ്രതികരിക്കുന്നത്. ബാങ്കിന്റെ മാപ്രാണം ശാഖാ മാനേജർ, അഡ്മിനിസ്ട്രേറ്റർ എന്നിവർ വാട്സാപ്പിലൂടെ അയച്ച കത്ത് ചർച്ചയാകുന്നു. ചികിത്സയ്ക്കുപോലും നിക്ഷേപം ഉപകരിക്കാതെവന്നതിലുള്ള അമർഷമാണ് കത്തിലുള്ളത്. രണ്ടുലക്ഷം മാത്രമാണ് ബാങ്ക് നല്‍കിയത്.
കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും തന്റെ അധ്വാനത്തിലൂടെ സമ്പാദിച്ചതുമാണ് ബാങ്കിൽ നിക്ഷേപിച്ചത്. സി.പി.എം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപം. ഈ വിഷയത്തിൽ ഹൈകോടതിയില്‍ ജോഷിക്കെതിരേ ബാങ്കിന്റെ വക്കീലും കൂടെ സര്‍ക്കാര്‍വക്കീലും പൊരുതുകയാണ്. ഈ സാഹചര്യത്തിൽ പാർട്ടിയെ വിമർശിച്ച് കൊണ്ട് കത്ത് എഴുതിയത്.
''അടുത്തൊരു സ്‌ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം'' കത്തിലുള്ളതാണിത്.
ജോഷി മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇടതുചെവിയുടെ ശേഷി നഷ്ടമായി. ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു. മുഖം കോടിപ്പോയി. മരുന്നും ഫിസിയോതെറാപ്പിയുമായി കഴിയുകയാണ്. സ്‌കാനിങ്ങിന് വിധേയനായപ്പോഴാണ് കഴുത്തില്‍ ട്യൂമര്‍ വളരുന്നത് കണ്ടെത്തിയത്. 2016-ല്‍ ഒരുതവണ ട്യൂമര്‍ നീക്കിയതാണ്. ഇവിടെനിന്ന് ഡിസ്ചാര്‍ജ് ആയാല്‍ അമൃത ആശുപത്രിയില്‍ ട്യൂമര്‍ സര്‍ജറിക്കു പോകണം.
`പാര്‍ട്ടിയെയും ബാങ്കിനെയും വിശ്വസിച്ചതാണ് എന്റെ തെറ്റ്. 16 വയസ്സു മുതല്‍ പൊലീസ് കേസുകളും കൊടിയ മര്‍ദനങ്ങളും സഹിച്ചതുമെല്ലാം പാര്‍ട്ടിക്കുവേണ്ടിയാണ്. പറ്റുമെങ്കില്‍ ഈ കത്ത് പിണറായി വിജയന്റെയോ കെ. രാധാകൃഷ്ണന്റെയോ ശ്രദ്ധയില്‍ പെടുത്തണമെന്നും കത്തിലൂടെ ജോഷി ആവശ്യപ്പെടുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ സഹകരണ മേഖലയ്ക്കു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ജോഷിയുടെ കത്ത് സി.പി.എമ്മിനും സഹകരണ സ്ഥാപനങ്ങൾക്കും വെല്ലുവിളി സൃഷ്ടിക്കുകയാണ്. വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.