ഒളിവിൽ കഴിഞ്ഞത് പേരാമംഗലത്തെ വീട്ടിൽ; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ
text_fieldsതൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. ബാങ്ക് മുൻ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ ടി.ആര്‍. സുനില്‍കുമാറാണ് (58) അറസ്റ്റിലായത്. തൃശൂർ പേരാമംഗലത്തെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും മുമ്പാണ് അറസ്റ്റ്.
സുനിൽകുമാറിനെ കൂടാതെ മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമീഷൻ ഏജൻറ് എ.കെ. ബിജോയ് (47), ബാങ്കിന് കീഴിലുള്ള സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടൻറ് റെജി അനിൽ (43) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവർക്കായി തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സുനിൽകുമാറിനെ ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കും.
കരുവന്നൂര്‍ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടും നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നേരത്തേ പ്രതികൾ കസ്റ്റഡിയിലായതായി അഭ്യൂഹം പ്രചരിച്ചത് വിവാദത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.