കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.എമ്മിൽ കൂട്ട നടപടി, നാല് നേതാക്കളെ പുറത്താക്കി
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ കൂട്ട നടപടി. കേസിലെ മൂന്ന് പ്രതികളെയും മുൻ ഭരണസമിതി പ്രസിഡൻറിനെയും പാർട്ടിയിൽനിന്ന് പുറത്താക്കി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിർന്ന നേതാവിനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെയും നീക്കി. പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ പ്രസിഡൻറ് കെ.കെ. ദിവാകരൻ, പ്രതികളായ മുൻ ബാങ്ക് സെക്രട്ടറിയും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജറും കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരീം, മുൻ അക്കൗണ്ടൻറും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്.
തട്ടിപ്പ് മനസ്സിലാക്കി ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനാണ് ദിവാകരനെ പുറത്താക്കിയത്. ജില്ല കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആർ. വിജയ എന്നിവരെയാണ് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗവും ബാങ്കിെൻറ ചുമതലയുണ്ടായിരുന്നയാളുമായ മുതിർന്ന നേതാവ് സി.കെ. ചന്ദ്രനെയാണ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.സി. പ്രേമരാജനെയും കരുവന്നൂർ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പി.എസ്. വിശ്വംഭരനെയും നീക്കി.
ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി, മഹേഷ്, എൻ. നാരായണൻ എന്നിവരെയും സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് കീഴിലെ പൊറത്തിശ്ശേരി, കരുവന്നൂർ ലോക്കൽ കമ്മിറ്റി പരിധിയിലാണ് കരുവന്നൂർ ബാങ്ക്. ഇടപെടുന്നതിൽ വീഴ്ച വരുത്തിയതിനാണ് നിലവിൽ ഏരിയ കമ്മിറ്റി അംഗമായ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം സി.െക. ചന്ദ്രനെ സസ്പെൻഡ് ചെയ്യുന്നത്. ജാഗ്രതക്കുറവുണ്ടായതിലാണ് ഉല്ലാസ് കളക്കാട്, കെ.ആർ. വിജയ എന്നിവരെ തരം താഴ്ത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവെൻറയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിെൻറയും സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിലും ജില്ല കമ്മിറ്റി യോഗത്തിലുമാണ് തീരുമാനം.
വേണ്ടവിധത്തിൽ ഇടപെടാതിരുന്നത് സംബന്ധിച്ച് നേതാക്കൾക്കിടയിൽ കടുത്ത തർക്കമുണ്ടായി. മുതിർന്ന നേതാക്കൾ തമ്മിൽ വാക്കേറ്റം വരെയെത്തി. ഏരിയ, ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതടക്കം പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, വിഷയമറിയാത്തവരടക്കും ഉൾപ്പെട്ടേക്കുമെന്നതിനാലാണ് അതിലേക്ക് കടക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.