കരുവന്നൂർ തട്ടിപ്പ്: എ.സി. മൊയ്തീന് വീണ്ടും നോട്ടീസ് നൽകും; സഹകരണ ജീവനക്കാരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
text_fieldsതൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുൻ മന്ത്രി എ.സി. മൊയ്തീന് ഇ.ഡി വീണ്ടും നോട്ടീസ് നൽകും. രണ്ടാംവട്ട ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നുവെങ്കിലും ഹാജരായില്ല. നിയമസഭ അംഗങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയുള്ളതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹാജരാകാനാകില്ലെന്ന് ഇ.ഡിയെ ഇ-മെയിൽ മുഖേന അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തെ പരിപാടിയിൽ മൊയ്തീൻ പങ്കെടുത്തു.
തിങ്കളാഴ്ച വൈകീട്ട് വരെ മൊയ്തീൻ ഹാജരാകുമെന്നായിരുന്നു കരുതിയിരുന്നത്. ചൊവ്വാഴ്ച ഹാജരാവേണ്ടെന്ന് പാർട്ടിയും നിർദേശിച്ചുവെന്നാണ് വിവരം. ബുധനാഴ്ചക്ക് ശേഷമുള്ള മറ്റൊരു ദിവസം ഉടൻ നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മെയ്തീന്‍ മുന്‍കൂര്‍ ജാമ്യ നടപടികളിലേക്ക് കടന്നു. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഇതിന് നേതൃത്വം നൽകുന്നത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃശ്ശൂർ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.