കരുവന്നൂർ ബാങ്ക് :പ്രതിസന്ധിക്ക് പരിഹാരം നിർദേശിച്ച വിദഗ്ധ സമിതി ശിപാർശകൾ ഫയലിൽ
text_fieldsതൃശൂർ: 30 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപിച്ചിരിക്കെ ചികിത്സിക്കാൻ പണമില്ലാതെ വയോധിക മരിക്കാനിടയായ സംഭവമുണ്ടാകുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് വീണ്ടും സി.പി.എമ്മും സർക്കാറും സഹകരണ വകുപ്പും. 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ശേഷിയില്ലാതിരുന്ന ബാങ്കിന്റെ പ്രതിസന്ധി അടിയന്തരമായി മറികടക്കാൻ സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് ഒരു വർഷമായി സഹകരണ വകുപ്പിന്റെ ഫയലിൽ ഉറങ്ങുന്നു.
വ്യാഴാഴ്ച സഹകരണ മന്ത്രി പ്രഖ്യാപിച്ച നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിൽനിന്ന് സഹായിക്കുമെന്നത് വിദഗ്ധ സമിതിയുടെ ആദ്യ ശിപാർശയാണ്. എട്ട് മാസമായിട്ടും ആ ശിപാർശകളിൽ ഒന്നു പോലും സഹകരണ വകുപ്പിന് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് സർക്കാർ നിയോഗിച്ച ഒമ്പതംഗ സമിതി റിപ്പോർട്ട് നൽകിയത്.
ഗാരന്റി ഫണ്ട് ബോർഡിൽനിന്ന് 50 കോടി ധനസഹായം ബാങ്കിന് അനുവദിച്ചു നൽകുന്നതിന് സർക്കാർ ഇടപെടൽ വേണം, കൺസോർട്യം രൂപവത്കരിച്ച് ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നായി 50 കോടി കണ്ടെത്തി സഹായിക്കുന്നതിന് സർക്കാർ ഇടപെടണം, തട്ടിപ്പ് നടത്തിയ ജീവനക്കാരുടെയും കൂട്ട് നിന്ന ഭരണസമിതിയംഗങ്ങളുടെയും സ്വത്ത് വഹകൾ ഉടൻ ജപ്തി ചെയ്യണം, ബാങ്കിലുള്ള 10.17 കോടിയുടെ സ്വർണവായ്പ മൂന്ന് മാസത്തിനുള്ളിൽ ഈടാക്കുകയോ മുതലാക്കുകയോ ചെയ്യണം, ബാങ്കിന് കൈവശമുള്ള നോൺ ബാങ്കിങ് ആസ്തി വിറ്റഴിച്ചും ഇപ്പോൾ ഉപയോഗിക്കാത്ത സ്വന്തം ആസ്തി വിറ്റും ധനം സമാഹരിക്കണം, റബ്കോയിൽ നിക്ഷേപിച്ച എട്ട് കോടി തിരികെ ലഭിക്കാൻ സർക്കാർ ഇടപെടൽ വേണം എന്നിങ്ങനെ അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കാനായിരുന്നു സമിതിയുടെ ശിപാർശ. എന്നാൽ തീരുമാനമെടുക്കേണ്ട ഒന്നിൽ പോലും സർക്കാർ ഇടപെട്ടില്ല. സ്വർണപ്പണയ വായ്പയിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സാധാരണയായുള്ള നടപടികൾ ചെയ്തതാണ് ആകെയുണ്ടായ നടപടി. ഫിലോമിനയുടെ മരണം വകുപ്പിനെ കണ്ണ് തുറപ്പിക്കുമോയെന്നാണ് കണ്ടറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.