കരുവന്നൂർ ബാങ്ക് ക്രമക്കേടിന് ഭരണസമിതി അംഗങ്ങൾ കൂട്ടുനിന്നു
text_fieldsതൃശൂർ: കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾ വായ്പ തട്ടിപ്പിന് മനഃപൂർവം കൂട്ടുനിന്നുവെന്ന് പൊലീസ്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് റിപ്പോർട്ടിലാണ് പൊലീസിെൻറ വിശദീകരണം.
ബാങ്കിെൻറ 2011 മുതലുള്ള കാലഘട്ടത്തിലെ ഭരണ സമിതി അംഗങ്ങളാണ് അറസ്റ്റിലായവർ. ബാങ്കിൽ 2011 മുതൽ തന്നെ വായ്പ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാങ്കിെൻറ പ്രവർത്തന പരിധിക്ക് പുറത്തുള്ളവർക്ക് വ്യാജ വിലാസത്തിൽ അംഗത്വം നൽകി. പ്രവർത്തന പരിധിക്ക് പുറത്തുള്ള ഭൂമിയുടെ ഈടിന്മേൽ മതിപ്പ് വില അധികരിച്ച് കാണിച്ചും ഒരേ വസ്തുവിെൻറ ഈടിന്മേൽ തന്നെ നിരവധിയാളുകൾക്കും ഭീമമായ തുകക്ക് വായ്പ നൽകി.
അറ്റാച്ച്മെൻറ് നിലവിലുള്ള ഭൂമിയിൽ പോലും ഭീമമായ തുക വായ്പ നൽകി. വായ്പ നിലനിൽക്കെ തന്നെ വസ്തു വിൽപന നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കി. ഗഹാനുകളിലും ബോണ്ടുകളിലും കൃത്രിമം കാണിച്ചു. ക്രമക്കേടിന് പ്രതികളായ ഭരണസമിതി അംഗങ്ങൾ മനഃപൂർവം അധികാര ദുർവിനിയോഗം ചെയ്ത് കൂട്ടുനിന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കൾക്കും ഭീമമായ തുകയുടെ വായ്പ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായവരെ കൂടാതെ ഡയറക്ടർമാരായ എം.ബി. ദിനേഷ്, കെ.വി. സുഗതൻ, എൻ. നാരായണൻ, എം.എം. അസ്ലാം, എം.എ. ജിജോ രാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദനൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.