കരുവന്നൂർ: സംസ്ഥാന സഹകരണ മേഖലയിലെ ഏറ്റവും വലിയ കൊള്ളയെന്ന് ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ തട്ടിപ്പുകേസ് കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയതാണ് ഈ തട്ടിപ്പ്. അന്വേഷണഭാഗമായി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാനാകില്ലെന്നും അസി. ഡയറക്ടർ സുരേന്ദ്ര ജി. കാവിത്കർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം.
2012 മുതൽ 2019 വരെ ഒട്ടേറെപ്പേർക്ക് ബാങ്കിൽനിന്ന് വായ്പ അനുവദിച്ചു. ഒമ്പതാം പ്രതി പി.പി. കിരൺ ഉൾപ്പെടെ ബാങ്ക് പരിധിക്ക് പുറത്ത് താമസിക്കുന്നവർക്കടക്കം 51 പേർക്ക് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചു. 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും 2022 ആഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണവും ആരംഭിച്ചു. 2022 ആഗസ്റ്റ് 20നാണ് രേഖകൾ പിടിച്ചെടുത്തത്. ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ക്രൈംബ്രാഞ്ചിന് നേരത്തേതന്നെ രേഖകൾ പിടിച്ചെടുക്കാൻ കഴിയുമായിരുന്ന സാഹചര്യത്തിൽ ഇപ്പോൾ രേഖകൾ ആവശ്യപ്പെടാനാകില്ല.
ഈ രേഖകൾ പി.എം.എൽ.എ കോടതിയുടെ പരിഗണനയിലാണ്. കേസുകളുടെ തുടർനടപടികൾക്ക് ഇവ ആവശ്യമാണ്. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്ക് നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ല. ഇ.ഡി എല്ലാ സഹായവും ക്രൈംബ്രാഞ്ചിന് നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്‍റെ ഹരജി ജൂൺ 19നാണ് കോടതിയുടെ പരിഗണനക്കെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.