കരിമണലിന് പിന്നാലെ കരുവന്നൂർ; ഇ.ഡി അന്വേഷണം സി.പി.എമ്മിന് പുതിയ തലവേദന
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരായ കരിമണൽ കമ്പനി മാസപ്പടി ആരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി എ.സി. മൊയ്തീന്റെ ഇ.ഡി കുരുക്ക്. മുൻ മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തി ഇ.ഡി പുറത്തുവിട്ട വിവരങ്ങൾ പാർട്ടിക്ക് വലിയ പരിക്കാണ് ഏൽപിച്ചത്. കരുവന്നൂർ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയും മുൻ മന്ത്രിയുമായ എ.സി. മൊയ്തീനും പങ്കുണ്ടെന്ന് വരുമ്പോൾ നേതൃത്വമാകെ സംശയനിഴലിലാവുകയാണ്. നേതാക്കൾക്ക് പങ്കില്ല, പാർട്ടി അറിഞ്ഞില്ല എന്നിങ്ങനെയാണ് നാളിതുവരെ സി.പി.എം നൽകിയ വിശദീകരണങ്ങൾ. മൊയ്തീന്റെ വീട്ടിലെ റെയ്ഡിനുശേഷം ഇ.ഡി പുറത്തുവിട്ട വിവരങ്ങൾ അത് ഖണ്ഡിക്കുന്നതാണ്.
സി.പി.എമ്മിൽ പൊതുവെ സംശുദ്ധ പ്രതിച്ഛായയുള്ള നേതാവാണ് എ.സി. മൊയ്തീൻ. ദീർഘകാലം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമായിരുന്നിട്ടും കാര്യമായ സാമ്പത്തിക ആരോപണങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് മുന്നിൽ പോലും വെളിപ്പെടുത്താത്ത 31 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ കണക്കാണ് ഇ.ഡി റെയ്ഡിൽ പുറത്തുവന്നത്. ബിനാമികൾവഴി 45 കോടിയുടെ വായ്പ തരപ്പെടുത്തിയതിന് മൊയ്തീന് ഇടപെട്ടുവെന്നതിന് തെളിവായി ബാങ്ക് ജീവനക്കാരുടെയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴിയുണ്ട്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് മൊയ്തീനെതിരായ അന്വേഷണമെന്ന് സി.പി.എം വിശദീകരിക്കുന്നു. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്നയാളാണ് മൊയ്തീനെന്ന് പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അവകാശപ്പെടുന്നു. എന്നാൽ, സാമ്പത്തിക ആരോപണങ്ങളിൽ കൃത്യമായ വിശദീകരണം പാർട്ടികേന്ദ്രങ്ങൾ നൽകിയിട്ടില്ല. എ.സി. മൊയ്തീനെ ഇ.ഡി നോട്ടീസ് നൽകി വിളിപ്പിച്ച് ചോദ്യംചെയ്യുമെന്നാണ് സൂചന. അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങിയാൽ പ്രതിപക്ഷം ആയുധമാക്കും. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ കരിമണൽ മാസപ്പടിയിലും കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. കരിമണലിനൊപ്പം കരുവന്നൂരും ചേർത്ത് പ്രതിപക്ഷം ആക്രമണം കടുപ്പിച്ചാൽ സി.പി.എം വിയർക്കും.
കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീണ്ടേക്കും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സി.പി.എമ്മിന്റെ ജില്ലതല നേതാക്കൾ കൂട്ടുനിന്നെന്ന ഇ.ഡിയുടെ കണ്ടെത്തൽ സി.പി.എമ്മിനെ കൂടുതൽ കുരുക്കിലാക്കി. കഴിഞ്ഞ ദിവസം എ.സി. മൊയ്തീൻ എം.എൽ.എയുടെയും എം.എൽ.എയുമായി ബന്ധമുള്ള പി.പി. കിരൺ, സി.എം. റഹീം, അനിൽ സേഠ്, പി. സതീശ് കുമാർ എന്നിവരുടെയും വീടുകളിലാണ് ഇ.ഡി പരിശോധന നടത്തിയത്. സതീശ് കുമാറിന് ഉന്നത സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീണ്ടേക്കും. ഇതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കണ്ണൂർ സ്വദേശിയായ സതീശ് കുമാർ കോലഴിയിലാണ് താമസം. ബാഗ് നിര്‍മാണ യൂനിറ്റായിരുന്നു ആദ്യ സംരംഭം. പിന്നീട് പണമിടപാടിലേക്ക് മാറി. വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ഉടമക്ക് വേണ്ടി പണം മുടക്കുകയും ഇങ്ങനെ തിരിച്ചെടുക്കുന്ന വസ്തു കരുവന്നൂർ ബാങ്കിൽ ഉയർന്ന തുകക്ക് ഉടമയുടെ പേരിൽതന്നെ പണയപ്പെടുത്തുന്നതുമായിരുന്നു സതീശന്റെ രീതി. നിലവിലുള്ള ഭൂമിയുടെ മതിപ്പ് വിലയേക്കാള്‍ കൂടുതലായിരിക്കും കരുവന്നൂരില്‍ നിന്നെടുക്കുന്ന തുക. ഇതില്‍ വലിയൊരു ഭാഗം കമീഷനായി ഇയാൾ കൈക്കലാക്കും. കുറെയേറെ ഇടപാടുകൾ ഇത്തരത്തിൽ സതീശന് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കണ്ണൂരിലെ സി.പി.എം നേതാക്കളുമായുള്ള ബന്ധമാണ് സതീശന് തൃശൂരിലും അവസരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.