കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളെയും പ്രതി ചേർത്തു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതിയംഗങ്ങളെയും പ്രതി ചേർത്തു. കേസിലെ ആറാം പ്രതിയും ബാങ്ക് നിയന്ത്രണത്തിലുള്ള സൂപ്പർ മാർക്കറ്റിലെ കാഷ്യർ കം അക്കൗണ്ടൻറുമായ പൊറത്തിശേരി റെജിയെ (44) ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവർ കീഴടങ്ങിയതായാണ് വിവരം. നേരത്തെ പ്രതിചേർത്ത ആറുപേരിൽ ബാങ്ക് അംഗവും ഇടനിലക്കാരനുമായ കിരണിനെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.
മൂന്നാം പ്രതി കൂടിയായ ജിൽസുമായി ചേർന്ന് റെജി സൂപ്പർ മാർക്കറ്റിലെ സ്റ്റോക്കിലും പർച്ചേസിലും കൃത്രിമം നടത്തി 1.53 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ റെജിയെ റിമാൻഡ് ചെയ്തു.
ഭരണസമിതിയംഗങ്ങളെയും പ്രതി ചേർത്തതോടെ കേസിലെ പ്രതികൾ 18 പേരായി. പ്രസിഡൻറ് കെ.കെ. ദിവാകരൻ, ഭരണസമിതിയംഗങ്ങളായ ടി.എസ്. ബൈജു, എം.ബി. ദിനേഷ്, വി.കെ. ലളിതൻ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. അസ്ലം, ജോസ് ചക്രംപിള്ളി, എം.എ. ജിജോ രാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദനൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വൈസ് പ്രസിഡൻറ് ടി.ആർ. ഭരതൻ മരിച്ചിട്ടുണ്ട്.
നേരത്തെ കേസിലെ മുഖ്യപ്രതികളായ ബാങ്ക് മുൻ സെക്രട്ടറി, അക്കൗണ്ടൻറ്, സൂപ്പർ മാർക്കറ്റ് മാനേജർ തുടങ്ങി ആറ് പേരെയാണ് പ്രതി ചേർത്തിരുന്നത്. മുൻ ഭരണസമിതിയുടെയും പരാതിയെ തുടർന്ന് പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെയും പ്രസിഡൻറാണ് കെ.കെ. ദിവാകരൻ. ബാങ്ക് തട്ടിപ്പ് കേസിൽ ഇടപെടൽ നടത്താതിരുന്നത് വീഴ്ചയാണെന്ന് കണ്ടെത്തി ദിവാകരനെയും ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി മഹേഷ്, എൻ. നാരായണൻ എന്നിവരെയും സി.പി.എം സസ്പെൻഡ് ചെയ്തിരുന്നു.
കേസ് വിവരങ്ങള്‍ സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. നിക്ഷേപകർ അറിയാതെ വായ്പ എടുത്ത് റിയൽ എസ്റ്റേറ്റിലും മറ്റും കോടികൾ നിക്ഷേപിച്ചതിൽ ഭരണസമിതി അംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.