കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മന്ത്രി രാജീവിനെതിരെ ഇ.ഡി; അനധികൃത വായ്പക്ക് സമ്മർദം ചെലുത്തി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി പി. രാജീവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് അനധികൃത വായ്പകൾ അനുവദിക്കാൻ പി. രാജീവ് സമ്മർദം ചെലുത്തിയെന്ന കേസിലെ പ്രതിയും കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാറിന്റെ മൊഴിയാണ് ഇ.ഡി കോടതിയിൽ സത്യവാങ്മൂലത്തിന്റെ ഭാഗമായി സമർപ്പിച്ചത്.
ക്രമവിരുദ്ധ വായ്പകൾക്കായി സമ്മർദം ചെലുത്തിയതായി മുൻ മന്ത്രി എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ്കുട്ടി, ജില്ല സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രൻ എന്നിവർക്കും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി. രാജു, അന്നത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പീതാംബരൻ ഏരിയ കമ്മിറ്റി അംഗം കെ.ആർ. വിജയ, ചേർപ്പ് ഏരിയ സെക്രട്ടറി ശ്രീനിവാസൻ, എം.കെ. ബിജു, സി.കെ. ജിൽസ് എന്നിവർക്കുമെതിരെയും സുനിൽ കുമാറിന്റെ മൊഴിയുണ്ട്. ഇ.ഡി അസി. ഡയറക്ടർ എസ്.ജി. കവിത്കറാണ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. തന്റെ സ്വത്തുകൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തത് ചോദ്യംചെയ്ത് കേസിലെ പ്രതിയായ അലിസാബ്രി നൽകിയ ഹരജിയിലാണ് ഇ.ഡിയുടെ സത്യവാങ്മൂലം. സി.പി.എമ്മിന്റെ 17 ഏരിയ കമ്മിറ്റികളുടെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറുകോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു. ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. തെരഞ്ഞെടുപ്പ് കമീഷന്റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. നാല് ബാങ്ക് അക്കൗണ്ടുകളുടെയും നാല് സ്ഥിരനിക്ഷേപങ്ങളുടെയും രേഖകൾ മാത്രമാണ് ചോദ്യംചെയ്യലിനിടെ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട മൊത്തം അക്കൗണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് പാർട്ടി സമർപ്പിച്ചിട്ടില്ല.
നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ബാങ്കിൽ നടന്നത്. പൊതുജനങ്ങളുടെ പണം വൻതോതിലാണ് വെട്ടിച്ചിരിക്കുന്നത്. പണമിടപാടിലും സ്വർണ വായ്പ അനുവദിച്ചതിൽപോലും ക്രമക്കേടുകളുണ്ട്. കള്ളപ്പണം, വ്യാജ വായ്പ, ഒരേ ഭൂമിയിൽ പലതവണ പരിധിവിട്ട് വായ്പ അനുവദിക്കൽ തുടങ്ങിയ ക്രമക്കേടുകളും നടന്നിട്ടുണ്ട്. കരുവന്നൂർ ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സി.പി.എമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി പാർട്ടിയുമാണ്. നിർദേശങ്ങളും മറ്റും നൽകിയിരുന്നത് തൃശൂർ ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറിയാണെന്നും സുനിൽ കുമാർ മൊഴി നൽകിയതായി ഇ.ഡി വ്യക്തമാക്കുന്നു.
ലോക്കൽ കമ്മിറ്റികളുടെ പേരിലും ഒട്ടേറെ രഹസ്യ അക്കൗണ്ടുകളുണ്ട്. പാർട്ടി ലെവി, പാർട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, കെട്ടിട ഫണ്ട്, കരുവന്നൂരിലെ അനധികൃത വായ്പകളുടെ കമീഷൻ, ബോർഡിലേക്ക് നാമനിർദേശം ചെയ്തവരിൽനിന്നുള്ള സംഭാവന, ജനങ്ങളുടെ സംഭാവന എന്നീ സ്രോതസ്സുകളിൽനിന്ന് ഈ അക്കൗണ്ടുകളിൽ പണമെത്തിയിരുന്നതെന്നും ഇ.ഡി ആരോപിക്കുന്നു. കരുവന്നൂർ ബാങ്കിൽ പൊറുത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റി, സൗത്ത് ലോക്കൽ കമ്മിറ്റി, പാർട്ടി ബിൽഡിങ് ഫണ്ട്, ഏരിയ കോൺഫറൻസ് സുവനീർ ഫണ്ട് എന്നിങ്ങനെ രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നു. പത്തുവർഷത്തിനിടെ 70 ലക്ഷം രൂപയാണ് ഈ അക്കൗണ്ടുകളിൽ എത്തിയത്. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഹരജിക്കാരനായ അലി സാബ്രി തന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ 6.60 കോടിയോളം രൂപയുടെ അനധികൃത വായ്പകൾ തരപ്പെടുത്തിയതായി അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. അലി സാബ്രിയുടെ ഹരജി ജനുവരി അഞ്ചിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.