കരുവന്നൂർ: സി.പി.എമ്മും നിയമനടപടിക്ക്; വർഗീസ് ഉൾപ്പെടെ 20 പേരെ കൂടി പ്രതിചേർത്തേക്കും
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉൾപ്പെടെ 20ഓളം പേരെ കൂടി പ്രതി ചേർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം നടക്കുന്നതായി വിവരം.
അതേസമയം, ഇ.ഡി നീക്കത്തിനെതിരെ നിയമനടപടികളാരംഭിക്കാൻ ശനിയാഴ്ച നടന്ന സി.പി.എം അടിയന്തര ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിയമവിദഗ്ധരുമായി തിരക്കിട്ട ചർച്ചകളാരംഭിച്ചു. അടുത്ത ദിവസങ്ങളിൽ പ്രധാന നേതാക്കളെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്ക പാർട്ടിയിൽ ശക്തമാണ്.
കേസിൽ സി.പി.എമ്മിനെ പ്രതിചേർത്ത സാഹചര്യത്തിലാണ് ജില്ല സെക്രട്ടറി എം.എം. വർഗീസ് പ്രതിപ്പട്ടികയിലേക്കു നീങ്ങുന്നത്. വർഗീസിന് ഒപ്പം വായ്പ തിരിച്ചടക്കാതെ ബാങ്കിന് വൻ സാമ്പത്തികബാധ്യത വരുത്തിയ ചിലരെയും പ്രതിയാക്കി രണ്ടാമത്തെ കുറ്റപത്രം ഉടൻ സമർപ്പിക്കും.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ എം.എം. വർഗീസിനെ ഇ.ഡി ചോദ്യംചെയ്യാൻ നിരന്തരം വിളിപ്പിക്കുകയും വർഗീസ് തീയതി നീട്ടിച്ചോദിക്കുകയും ചെയ്തിരുന്നു. പിന്നീട് വർഗീസ് ഹാജരായി.
തെരഞ്ഞെടുപ്പോടെ അതെല്ലാം അവസാനിച്ചു. സുരേഷ്ഗോപിക്കായി ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന് സി.പി.എമ്മും നേതാക്കളെ കേസിൽ തൊടാതിരിക്കാനും അതിനുള്ള പ്രത്യുപകാരമായി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ് നടക്കുന്നതെന്നും കോൺഗ്രസും ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് കുറച്ചുനാൾ അനക്കമില്ലാതിരുന്ന കേസാണ് ഇപ്പോൾ ഇ.ഡി അതിശക്തമായി സി.പി.എമ്മിനെ സമ്പൂർണ പ്രതിരോധത്തിലാക്കി വീണ്ടും പുറത്തെടുത്തിരിക്കുന്നത്. ഒന്നാംഘട്ട അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രം ഇ.ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഇതിനിടെ കോടതിയും കരുവന്നൂർ കേസിലെ ഉദാസീനത ചോദ്യംചെയ്തിരുന്നു. ബാങ്കിൽനിന്ന് ബിനാമി വായ്പകളിലൂടെ തട്ടിയ പണം സി.പി.എമ്മുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് എത്തിയെന്നാണ് ഇ.ഡിയുടെ വാദം. ബാങ്കിൽനിന്ന് അനധികൃത വായ്പയെടുത്ത പത്തുപേരുടേതടക്കം 29.29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു.
ഇ.ഡി നടപടിയെക്കുറിച്ച് അറിയില്ല -എം.എം. വർഗീസ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.പി.എമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഒരു വിവരവും കിട്ടിയിട്ടില്ലെന്നും സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ്. മാധ്യമങ്ങളിൽ കണ്ടത് മാത്രമാണ് അറിയുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്കൽ കമ്മിറ്റികൾ സ്ഥലം വാങ്ങുന്നത് ജില്ല കമ്മിറ്റിയുടെ പേരിലാണ്. എന്തിന്റെ പേരിലാണ് ഇ.ഡി നടപടിയെന്ന് അറിയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. കേൾക്കുന്ന വാർത്ത ശരിയാണെങ്കിൽ പാർട്ടിയെ വേട്ടയാടുകയാണ്. അതിനെതിരെ രാഷ്ട്രീയമായും നിയമപരമായും നടപടി സ്വീകരിക്കും. തന്റെയോ പാർട്ടിയുടെയോ സ്വത്ത് മരവിപ്പിച്ചതായി വിവരം ലഭിച്ചിട്ടില്ല. ഔദ്യോഗിക വിവരം ലഭിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.