കരുവന്നൂർ: രാഷ്ട്രീയം പറഞ്ഞ് പ്രതിരോധം; കൂടുതൽ അറസ്റ്റ് പ്രതീക്ഷിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിയുടെ കൂടുതൽ അറസ്റ്റ് പ്രതീക്ഷിച്ച് സി.പി.എം. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണനെയും അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. നേരത്തേ ചോദ്യംചെയ്യലിന് വിധേയനായ കണ്ണനോട് വെള്ളിയാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ, മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എക്കെതിരെയും അറസ്റ്റ് നടപടി ഉണ്ടാകുമെന്ന് പാർട്ടിക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനും അറസ്റ്റിലാകുന്ന സാഹചര്യം സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് ഗുരുതരമാണെന്ന് സി.പി.എം സമ്മതിക്കുന്നു. എന്നാൽ, തട്ടിപ്പിൽ ബാങ്ക് നിയന്ത്രിച്ച പാർട്ടി നേതാക്കളുടെ പങ്ക് അംഗീകരിക്കുന്നില്ല. ഇ.ഡി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെ നേതാക്കൾ തെറ്റ് ചെയ്തില്ലെന്ന സി.പി.എം വാദത്തിന് ബലം കുറഞ്ഞു.
തട്ടിപ്പിന്റെ സൂത്രധാരൻ സതീഷ്കുമാറുമായുള്ള അടുത്ത ബന്ധമാണ് തിങ്കളാഴ്ച അറസ്റ്റിലായ സി.പി.എം കൗൺസിലർ പി.ആര്. അരവിന്ദാക്ഷനെ കുടുക്കിയത്. സതീഷ്കുമാറുമായി എം.കെ. കണ്ണനും എ.സി. മൊയ്തീനും സമാന ബന്ധങ്ങളുണ്ട്. ഇക്കാര്യം അവർ സമ്മതിക്കുകയും ചെയ്യുന്നു. സതീഷ് കുമാറുമായുള്ള ഫോൺ സംഭാഷണം ഉൾപ്പെടെ തെളിവുകൾ ഇ.ഡി ശേഖരിച്ചതിനാൽ ബന്ധം നിഷേധിക്കുക സാധ്യമല്ല. അടുപ്പമുണ്ട്, പണമിടപാട് ഇല്ലെന്നാണ് നേതാക്കളുടെ വിശദീകരണം. അതിന് വിശ്വാസ്യത വേണ്ടത്രയില്ല.
അതിനാൽ ഇ.ഡി അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനം. സി.പി.എമ്മിനെ പൊതുവായും സഹകരണമേഖലയെ പ്രത്യേകിച്ചും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇ.ഡിയുടേതെന്ന നിലയിൽ അവതരിപ്പിക്കുന്നത് ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇ.ഡിക്ക് പിന്നിൽ കേന്ദ്രവും ബി.ജെ.പിയുമാണെന്നും കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിക്ക് കുടചൂടുകയാണെന്നും വിശദീകരിക്കാനാണ് നേതൃത്വം നൽകിയ നിർദേശം. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കണ്ണുവെച്ച് ബി.ജെ.പി നടത്തുന്ന നീക്കത്തിന് കോൺഗ്രസ് പിന്തുണയുണ്ടെന്ന പ്രത്യാക്രമണവും നടത്തും. അതുവഴി കരുവന്നൂർ തട്ടിപ്പ് മുഖ്യമായി ഏറ്റെടുക്കുന്നതിൽനിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാമെന്നും തട്ടിപ്പിന്റെ പരിക്ക് പരമാവധി ലഘൂകരിക്കാമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
അടുത്ത ലക്ഷ്യം താനും മൊയ്തീനുമെന്ന് കണ്ണൻ
തിരുവനന്തപുരം: കരുവന്നൂർ കേസിൽ ഇ.ഡിയുടെ അടുത്ത ലക്ഷ്യം താനും എ.സി. മൊയ്തീനുമെന്ന് സി.പി.എം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണൻ. വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ പി.ആര്. അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കണ്ണന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.