കരുവന്നൂർ: എ.സി. മൊയ്തീനെ 11 മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എയെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ 9.30ഓടെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരായ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ രാത്രി 8.30ഓടെയാണ് അവസാനിച്ചത്.
ഇ.ഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കാൻ കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. രാവിലെ അഭിഭാഷകരുമായുള്ള ചർച്ചക്ക് ശേഷമാണ് മൊയ്തീൻ ചോദ്യം ചെയ്യലിനെത്തിയത്. വിളിച്ചുവരുത്തിയതിനാലാണ് എത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞ മൊയ്തീൻ കൂടുതൽ പ്രതികരണം നടത്തിയില്ല. മൂന്നാം തവണ ഇ.ഡി നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനൊപ്പം ഹാജരായത്. കഴിഞ്ഞ രണ്ടുതവണയും അസൗകര്യം അറിയിച്ചിരുന്നു.
മൊയ്തീന് പുറമെ തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസും ഹാജരായി. ഇരുവരെയും ഒരുമിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തതായാണ് വിവരം. അതേസമയം, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അരവിന്ദാക്ഷൻ ആരോഗ്യകാരണങ്ങളാല്‍ എത്തിയില്ല. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു.
അനൂപ് ഡേവിസിനെ കൂടാതെ സി.പി.എം പ്രാദേശിക നേതാക്കളായ പി.ആർ. അരവിന്ദാക്ഷൻ, മധു, റിയൽ എസ്റ്റേറ്റ് ഇടപാടുകാരായ രാജേഷ്, ജിഷോർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2016-18 കാലത്ത് കോടികളുടെ അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.