കരുവന്നൂർ: മൊയ്തീനിലെത്താൻ വലവിരിച്ച് ഇ.ഡി; സി.പി.എം സമ്മർദത്തിൽ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാരെന്ന് കാട്ടി കോലഴി പി. സതീഷ് കുമാറിനെയും പി.പി. കിരണിനെയും ഇ.ഡി അറസ്റ്റ് ചെയ്തതോടെ സി.പി.എം സമ്മർദത്തിൽ. സി.പി.എം നേതാവ് എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പാണ് ഇതെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതോടെ സി.പി.എം നേതൃത്വം അഭിഭാഷകരുമായി നിയമ വിവരങ്ങൾ ചർച്ച ചെയ്തു. മൊയ്തീനെ കേസിൽ സാക്ഷിയാക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നേരത്തേ നൽകിയ സൂചന. എന്നാൽ, രണ്ട് തവണ നൽകിയ ഹാജരാവാനുള്ള നോട്ടീസിനോട് മുഖം തിരിച്ചതിനാൽ നിർബന്ധിത അറസ്റ്റ് വേണ്ടിവരുമെന്നാണ് അറിയുന്നത്. മൊയ്തീനോട് ഈ മാസം 11ന് ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്. പത്തുദിവസം വേണമെന്ന ആവശ്യം തള്ളിയാണ് നിർദേശം. കോടതിയിൽ ഹാജരാക്കിയ കിരണിനെയും സതീഷ് കുമാറിനെയും എട്ടുവരെ കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കേസിൽ മുഖ്യപ്രതികളായ ബാങ്ക് സെക്രട്ടറി സുനിൽകുമാർ, മാനേജർ ബിജു കരീം തുടങ്ങിയവരെ അറസ്റ്റ് ചെയ്യാതിരുന്ന ഇ.ഡി കിരണിനെയും കേസിൽ പ്രതിയല്ലാതിരുന്ന പണമിടപാടുകാരൻ കോലഴി സതീഷ് കുമാറിനെയും മാത്രമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ മൊയ്തീന്‍റെ ബിനാമികളാണെന്നാണ് വിശദീകരണം.
ഇതിൽനിന്നുതന്നെ ലക്ഷ്യം വ്യക്തമാണ്. അതേസമയം, മൊയ്തീൻ ഇ.ഡിക്കെതിരെ കോടതിയിൽ ബുധനാഴ്ച ഹരജി നൽകുമെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുള്ള സതീഷ് കുമാർ പണമിടപാട് സ്ഥാപനം നടത്തുന്നയാളും വായ്പ തിരിച്ചടവുകൾക്കും മറ്റും വൻതുക പലിശക്ക് നൽകുന്നയാളുമാണ്. കരുവന്നൂർ ബാങ്കുമായി 30 കോടിയോളം രൂപയുടെ ഇടപാടുകൾ സതീഷ് നടത്തിയെന്നാണ് നിഗമനം.
കണ്ണൂർ സ്വദേശിയായ സതീഷ് കുമാർ തൃശൂരിൽ എത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് സാമ്പത്തിക വളർച്ചയുണ്ടാക്കിയത്. സതീഷ് കുമാറിന്റെ വിദേശ ബന്ധങ്ങളിലെ സംശയമാണ് അറസ്റ്റിലേക്കെത്തിച്ചതെന്നാണ് പറയുന്നത്. കിരണാണ് തട്ടിപ്പിന്‍റെ പ്രധാന ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു. വ്യാജ രേഖകളുണ്ടാക്കി വായ്പകളാക്കി പണം തട്ടിയത് കിരണാണ്.
മൊയ്തീനും സി.പി.എം നേതാക്കളുമായും കിരണിനും ബന്ധങ്ങളുണ്ട്. 51 ബിനാമി അക്കൗണ്ടുകളിലായി 24 കോടിയോളം കിരൺ തട്ടിയെന്നും 14 കോടി സതീഷ് കുമാറിന് കൈമാറിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. എന്നാൽ, ഇരുവരും മൊയ്തീനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് തെളിയിക്കുന്നതൊന്നും കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇരുവരുടെയും അറസ്റ്റ് കൃത്യമായ സൂചനയാണെന്ന വിലയിരുത്തലിലാണ് സി.പി.എം. മൊയ്തീന്റെ വീട്ടിലെ പരിശോധനയുമായി ബന്ധപ്പെട്ട് ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രാഷ്ട്രീയപാർട്ടിയുടെ പിന്തുണയോടെയാണ് തട്ടിപ്പെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. സതീഷ് കുമാറിനെയും കിരണിനെയും കൂടാതെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമോയെന്ന് സംശയിക്കുന്നുണ്ട്. കോടതിയെ സമീപിക്കുന്നത് ഈ സാഹചര്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.