കരുവന്നൂർ: പുതിയ ആരോപണവുമായി ഇ.ഡി
text_fieldsകൊച്ചി: കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അഞ്ച് അക്കൗണ്ടുകളിലായാണ് 72 ലക്ഷം രൂപയുടെ നിക്ഷേപമുള്ളത്. കൂടുതൽ പ്രാദേശിക സി.പി.എം നേതാക്കളെ ഈയാഴ്ച ചോദ്യംചെയ്യുമെന്നും ഇ.ഡി അറിയിച്ചു.
സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജു, ബാങ്ക് മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിവരെയാണ് വരുംദിവസങ്ങളിൽ ചോദ്യംചെയ്യുക. 19ന് ഹാജരാകാൻ പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച വസ്തു കണ്ടുകെട്ടൽ ഉത്തരവിലെ സി.പി.എമ്മുമായി ബന്ധപ്പെട്ട പരാമർശം പാർട്ടിക്ക് കനത്ത ആഘാതമാണ്. ബാങ്കിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നതും വായ്പ അനുവദിക്കുന്നത് നിയന്ത്രിച്ചിരുന്നതും സി.പി.എമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി കമ്മിറ്റിയും ആയിരുന്നു എന്നാണ് ഇ.ഡി. പറയുന്നത്.
വായ്പ അനുവദിക്കുന്നതിന് പാർട്ടി പ്രത്യേക മിനിറ്റ്സും സൂക്ഷിച്ചിരുന്നുവെന്നും ഇതിൽ പറയുന്നു. സി.പി.എമ്മിലെ ഉന്നതരായ നേതാക്കളുടെ നിർദേശപ്രകാരമാണ് അനധികൃത വായ്പ നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ.ഡിയുടെ വസ്തു കണ്ടുകെട്ടൽ ഉത്തരവിലുണ്ട്. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ പ്രമുഖരെ ചോദ്യംചെയ്യുന്നത്. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സി.പി.എമ്മിനും കമീഷൻ ലഭിച്ചെന്നും ഇ.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.