കരുവന്നൂർ: ജില്ല സെക്രട്ടറിക്കെതിരായ വാർത്തകൾ അടിസ്ഥാനരഹിതം- സി.പി.എം
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടറിയെ അന്വേഷണത്തിനായി ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് സി.പി.എം തൃശൂർ ജില്ല സെക്രേട്ടറിയറ്റ് വാർത്തകുറിപ്പിൽ അറിയിച്ചു. സത്യത്തിന്റെ കണിക പോലുമില്ലാത്ത വാർത്തകൾ ഏകദേശം ഒരേ പോലെ എല്ലാം മാധ്യമങ്ങളിലും വരികയാണ്. രാഷ്ട്രീയമായി എതിർത്ത് തോൽപ്പിക്കാനാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് നുണകൾ വാർത്തകളായി വിന്യസിക്കപ്പെടുന്നത്. ഏത് കേന്ദ്രങ്ങളിൽ നിന്നാണ് ഒരു പോലെയുള്ള വാർത്തകൾ കെട്ടിച്ചമക്കപ്പെടുന്നതെന്ന് പരിശോധിക്കപ്പെടണം.
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളിലെ രണ്ട് മുഖ്യപ്രതികളെ മാപ്പ് സാക്ഷികളാക്കി അവർക്ക് വിരോധമുള്ളവരെ ആക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ നിയമപരമായി നേരിടും. സി.പി.എം ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത് സുതാര്യമായാണ്. പാർട്ടി അംഗത്വഫീസും അംഗങ്ങളുടെ ലെവിയും പ്രവർത്തന ഫണ്ടും സമാഹരിച്ചാണ് പാർട്ടി പ്രവർത്തനം. ഓരോ രൂപയുടെ വരവിനും ചെലവിനും കൃത്യമായ രേഖകളുണ്ട്. സംസ്ഥാന, കേന്ദ്രകമ്മിറ്റികൾ മുഖേന റിട്ടേണുകൾ സമർപ്പിക്കുകയും ചെയ്യുന്നു. ഇ.ഡി ആവശ്യപ്പെട്ട വരവ്-ചെലവ് കണക്കുകൾ കൃത്യമായി ഹാജരാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അവാസ്‌തവമാണെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.