കെ.എ.എസിൽ അട്ടിമറി? ഉത്തരക്കടലാസുകൾ നഷ്ടമായി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) വിവരണാത്മകപരീക്ഷ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സർവറിൽനിന്ന് നഷ്ടമായി. മൂന്ന് സ്ട്രീമിലായി 3190 പേർ എഴുതിയ പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) രേഖകളും ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത ചിത്രങ്ങളുമാണ് നഷ്ടമായത്. സുപ്രധാന രേഖകളും ചിത്രങ്ങളും വീണ്ടെടുക്കാൻ പി.എസ്.സി സി-ഡിറ്റ് സഹായം തേടി.
ഉത്തരക്കടലാസുകൾ പി.എസ്.സി ആസ്ഥാനത്ത് സൂക്ഷിച്ചശേഷം വിഷയാടിസ്ഥാനത്തിൽ സ്കാൻ ചെയ്ത് മൂല്യനിർണയത്തിനായി കമ്പ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കുന്ന രീതിയാണ് ഓൺസ്ക്രീൻ മാർക്കിങ്. മൂല്യനിർണയം നടത്തുന്നവർ സ്ക്രീനിൽ തന്നെ മൂല്യനിർണയം നടത്തി കൈമാറും. ഇവ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിന് സമീപെത്ത സംസ്ഥാന ഡേറ്റ സെൻററിലെ പി.എസ്.സിയുടെ എട്ട് ബൃഹത്തായ സർവറുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിന് പുറമെ ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിങ്ങിലും ആറ് സർവറുകൾ പി.എസ്.സിക്കുണ്ട്. ഇവയിലേക്ക് ഉത്തരക്കടലാസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ സർവറിൽ സ്ഥാപിച്ച 'റെയിഡ്' എന്ന സോഫ്റ്റ്വെയറിലൂടെ മാർക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകളുടെ പകർപ്പുകളും പി.
എസ്.സിക്ക് ലഭിക്കും. എന്നാൽ കെ.എ.എസ് ഉത്തരക്കടലാസുകൾ ഈ സർവറുകളിലേക്കൊന്നും നൽകാതെ ഒരു സുരക്ഷാമാനദണ്ഡവും ഇല്ലാത്ത പരീക്ഷവിഭാഗം അഡീഷനൽ സെക്രട്ടറിയുടെ കീഴിലെ സർവറിലാണ് സൂക്ഷിച്ചത്. രേഖകൾ നഷ്ടമായതോടെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസുകൾ മാത്രമാണ് ഇപ്പോൾ പി.എസ്.സി ആസ്ഥാനത്തുള്ളത്.
വിവരണാത്മകപരീക്ഷ മാർക്ക് അടിസ്ഥാനത്തിൽ മാർച്ച് 24നാണ് കെ.എ.എസ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് സ്ട്രീമിലുമായി 582 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതീക്ഷ പുലർത്തിയ നൂറുകണക്കിന് പേർ പുറത്തായി. ഇവർ ഉത്തരക്കടലാസ് പകർപ്പിന് പി.എസ്.സിയെ സമീപിക്കാനൊരുങ്ങുകയാണ്. അന്തിമ റാങ്ക് പ്രസിദ്ധീകരിച്ച ശേഷമേ സൂക്ഷ്മപരിശോധന, പുനർമൂല്യനിർണയ അപേക്ഷ പി.എസ്.സി സ്വീകരിക്കൂ. കോപ്പികൾ വീണ്ടെടുക്കാനായില്ലെങ്കിൽ ഉത്തരക്കടലാസുകളിൽ ഒരിക്കൽ കൂടി മൂല്യനിർണയം വേണ്ടിവരും.
ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കാനുള്ള ശ്രമം?
മാർക്കിങ് രേഖപ്പെടുത്തിയ ഉത്തരക്കടലാസുകൾ അതിസുരക്ഷ സർവറുകളിൽ സൂക്ഷിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് പ്രവേശിക്കാൻ സാധിക്കുന്ന സർവറിൽ സൂക്ഷിച്ചത് അട്ടിമറി ആണോയെന്ന സംശയം സാങ്കേതികവിഭാഗം ജീവനക്കാർക്കിടയിൽ ഉണ്ട്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൗ ഉത്തരക്കടലാസുകളും അപ്രത്യക്ഷമായത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ മാർക്ക് പി.എസ്.സി പുറത്തുവിട്ടിട്ടില്ല. അഭിമുഖത്തിെൻറ മാർക്ക് കൂടി ഉൾപ്പെടുത്തിയശേഷമായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കുക. ചുരുക്കപ്പട്ടികയിൽ പിന്നിലായവരെ അഭിമുഖത്തിലൂടെ മുന്നിലെത്തിക്കുന്നതിെൻറ ഭാഗമാണോ രേഖകൾ അപ്രത്യക്ഷമായതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.