കെ.എ.എസ്: ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: ഒളിച്ചുവെക്കാൻ ശ്രമം, വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: കെ.എ.എസ് വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും മാർക്കുകൾ സ്കാൻ ചെയ്ത ചിത്രങ്ങളും സർവറിൽനിന്ന് നഷ്ടമായ സംഭവത്തിൽ പി.എസ്.സി സെക്രട്ടറി പരീക്ഷവിഭാഗത്തോട് വിശദീകരണം തേടി.
'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് പരീക്ഷവിഭാഗം അഡീഷനൽ സെക്രട്ടറിയോട് അടിയന്തരമായി വിശദീകരണം ബോധിപ്പിക്കാൻ സെക്രട്ടറി സാജു ജോർജ് ആവശ്യപ്പെട്ടത്. മൂന്ന് സ്ട്രീമിലായി 3190 പേർ എഴുതിയ പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) രേഖകളും മാർക്കുകൾ സ്കാൻ ചെയ്ത ചിത്രങ്ങളുമാണ് പരീക്ഷവിഭാഗം അഡീഷനൽ സെക്രട്ടറിയുടെ കീഴിലെ സർവറിൽനിന്ന് നഷ്ടമായത്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. സംഭവം പുറത്തറിയാതിരിക്കാൻ പരീക്ഷവിഭാഗം ഉദ്യോഗസ്ഥർ സെക്രട്ടറി അടക്കം ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് മറച്ചുവെച്ചു. ചെയർമാൻ എം.കെ. സക്കീറും കമീഷൻ അംഗങ്ങളെ വിവരം അറിയിച്ചില്ല. തുടർന്ന് ചെയർമാെൻറ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ നേരിട്ട് സി-ഡിറ്റിനെ സമീപിച്ചത്.
നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിനും ബാക്കപ്പുള്ള സർവറിലേക്ക് ഇവ മാറ്റുന്നതിനും സി-ഡിറ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ സർവറിലെ ഹാർഡ്വെയർ ഉപകരണമായ 'റെയിഡ് കൺട്രോളർ' തകരാറായതാണ് പകർപ്പ് ലഭിക്കാതെ പോയതിന് കാരണമെന്നാണ് സാങ്കേതിക വിഭാഗത്തിെൻറ കണ്ടെത്തൽ. റെയിഡ് കൺട്രോളർ തകരാറിലായാൽ രേഖകളും സ്കാൻ ചെയ്ത ചിത്രങ്ങളും വീണ്ടെടുക്കുക പ്രയാസകരമാണ്.
മാർക്ക് വിവരം വീണ്ടെടുക്കാൻ സാധിച്ചാൽ ഉത്തരക്കടലാസിെൻറ പകർപ്പ് ഒരിക്കൽകൂടി സ്കാൻ ചെയ്ത് ഒാൺ സ്ക്രീൻ മാർക്കിങ്ങിന് നൽകിയശേഷം സ്റ്റോറേജിലുള്ള മൂല്യനിർണയ മാർക്ക് വീണ്ടും രേഖപ്പെടുത്തി പി.എസ്.സിയുടെ അതീവസുരക്ഷയുള്ള സർവറുകളിലേക്ക് മാറ്റും.
അല്ലാത്തപക്ഷം അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് മുന്നോടിയായി വിവരണാത്മക പരീക്ഷയിലെ മൂന്ന് പേപ്പറുകളുടെയും മൂല്യനിർണയം വീണ്ടും നടത്തേണ്ടിവരും. രേഖകൾ നഷ്ടമായെങ്കിലും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട 582 പേരുടെയും പ്രമാണ പരിശോധന വ്യാഴാഴ്ച തുടങ്ങാനാണ് തീരുമാനം.
ഒന്നും നഷ്ടപ്പെട്ടിട്ടില്ല–പി.എസ്.സി
തിരുവനന്തപുരം: ഉത്തരക്കടലാസുകളോ സ്കാൻ ചെയ്ത രേഖകളോ മാർക്കോ ഒന്നും സർവറിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൂല്യനിർണയം ചെയ്യുന്നതിനായി സ്കാൻ ചെയ്യുന്നത് ഓൺ സ്ക്രീൻ മാർക്കിങ്ങിന് വേണ്ടിയുള്ള താൽക്കാലിക സംവിധാനം മാത്രമാണ്. ഇവയെല്ലാം സുരക്ഷിത സർവറിൽതന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.
അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾക്കെല്ലാം മാർക്കും ഉത്തരക്കടലാസിെൻറ പകർപ്പും ലഭ്യമാക്കുമെന്നും പി.എസ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.