ലക്ഷ്യം സിവിൽ സർവിസ്; കെ.എ.എസ് അംഗീകാരം -മാലിനി
text_fieldsമാവേലിക്കര: സിവിൽ സർവിസ് തന്നെയാണ് തെൻറ ലക്ഷ്യമെന്ന് കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എസ്. മാലിനി. ദേശീയതലത്തിൽ സിവിൽ സർവിസ് പരീക്ഷയിൽ 135ാം റാങ്ക് നേടിയതിന് പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പരീക്ഷയിൽ ഒന്നാംറാങ്കും സ്വന്തമാക്കിയതിെൻറ ആനന്ദം പങ്കുവെക്കുകയായിരുന്നു അവർ. വലിയ സന്തോഷമുണ്ടെങ്കിലും കെ.എ.എസ് കൈവിടാനാണ് മനസ്സ് പറയുന്നത്.
ഇന്ത്യൻ ഫോറിൻ സർവിസിൽ (ഐ.എഫ്.എസ്) പോകാനാണ് ആഗ്രഹം. ഇൻറർനാഷനൽ റിലേഷൻസാണ് ഇഷ്ടവിഷയം. മറ്റ് ഭാഷകൾ പഠിക്കാനും യാത്രചെയ്യാനുമാണ് കൂടുതൽ താൽപര്യം. തായ്ലൻഡ്, മലേഷ്യ, യു.എ.ഇ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബഷീറിെൻറ പുസ്തകങ്ങൾ വായിക്കാറുണ്ട്. യു.പി.എസ്.സി പരിശീലനത്തിനിടയിലായിരുന്നു കെ.എ.എസ് പരീക്ഷയും വന്നത്. പ്രത്യേകം പരിശീലിക്കാതെയാണ് എഴുതിയത്. ചിട്ടയായ പഠനവും കഠിനമായ പരിശ്രമവും വിജയത്തിന് പിന്നിലുണ്ടെന്ന് മാലിനി പറഞ്ഞു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും ഭാഷ പണ്ഡിതനുമായിരുന്ന പ്രശസ്ത സാഹിത്യകാരൻ പരേതനായ പ്രഫ. എരുമേലി പരമേശ്വരൻപിള്ളയുടെ കൊച്ചുമകളും മാവേലിക്കര ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ.പി. കൃഷ്ണകുമാറിെൻറയും റിട്ട. അധ്യാപിക എസ്. ശ്രീലതയുടെയും മകളാണ്.
2017ൽ 25ാം വയസ്സിലാണ് സിവിൽ സർവിസ് സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമമാരംഭിച്ചത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻലാഗ്വേജസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തരബിരുദവും നേടി. ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ അധ്യാപികയായി പ്രവർത്തിക്കവെയാണ് സിവിൽ സർവിസ് മോഹമുദിച്ചത്. ആദ്യ രണ്ടുതവണ അഭിമുഖത്തിലേക്ക് എത്തിയില്ല. 2020ൽ ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറായി ജോലി ലഭിച്ചു. അവധിയെടുത്ത് പഠനം തുടർന്നാണ് ഇപ്പോഴത്തെ മധുരമുള്ള ഇരട്ട നേട്ടം. സിവിൽ സർവിസ് പരീക്ഷയിൽ േജ്യാഗ്രഫിയായിരുന്ന ഐഛിക വിഷയം. പുതുച്ചേരി കേന്ദ്ര സർവകലാശാല ചരിത്ര ഗവേഷക വിദ്യാർഥിനി നന്ദിനി സഹോദരിയാണ്.
രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് തിളക്കത്തിൽ അഖില
തളിപ്പറമ്പ്: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയിലെ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് തിളക്കത്തിൽ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനി അഖില ചാക്കോ. നേരത്തെ യു.പി.എസ്.സി പരീക്ഷക്കുവേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ കെ.എ.എസിൽ മികച്ച വിജയം നേടാൻ സഹായകമായി. റാങ്ക് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അഖില പറഞ്ഞു.
തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ കെ.ജെ. ചാക്കോയുടെയും സെലിൻ തോമസിെൻറയും മകളാണ്. തിരുവനന്തപുരം വനിത കോളജിൽ അധ്യാപകനായ ജസ്റ്റിൻ കെ. സെബാസ്റ്റ്യനാണ് ഭർത്താവ്. രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. അമല, അലൻ എന്നിവർ സഹോദരങ്ങളാണ്. റാങ്ക് ലഭിച്ച വിവരമറിഞ്ഞയുടൻ, തളിപ്പറമ്പിൽ ഉണ്ടായിരുന്ന തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ അഖിലയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് കെ.എ.എസിലേക്ക്
ഒായൂർ (കൊല്ലം): ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് കെ.എ.എസിലേക്ക്. കെ.എ.എസ് മൂന്നാം സ്ട്രീമിലാണ് കൊല്ലം ജില്ലയിലെ ഇളമാട് പഞ്ചായത്ത് സെക്രട്ടറിയായ പട്ടാഴി കാളൂർമുക്ക്, അംബാട്ട് വീട്ടിൽ അനൂപ്കുമാർ (37) ഒന്നാമതെത്തിയത്. 2006ൽ പോസ്റ്റൽ വകുപ്പിലായിരുന്നു ആദ്യം ജോലി നേടിയത്.
തുടർന്ന് 2011ൽ പഞ്ചായത്ത് സെക്രട്ടറിയായി. തുടർന്നും ഉയർന്നതലത്തിലേക്കുള്ള ജോലി ലക്ഷ്യമാക്കി പഠനം തുടർന്നു. കെ.എ.എസിെൻറ ആദ്യഘട്ട പരീക്ഷയിൽ പട്ടികയിൽ ഉൾപ്പെട്ടതോടെ പഞ്ചായത്ത് സെക്രട്ടറിയുടെ ഭാരിച്ച ചുമതലയിലും പഠനവും ഉൗർജിതമായി തുടർന്നു.
പ്രധാന പരീക്ഷക്ക് മുമ്പ്, രണ്ടരമാസം അവധിയെടുത്ത് പഠനത്തിൽ മാത്രമായി ശ്രദ്ധ.
ഇതിന് മേലുദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹായം ലഭിച്ചു. അക്ഷീണം അധ്വാനിച്ചതിെൻറ ഫലമാണ് ഇൗ വിജയമെന്ന് അനൂപ് കുമാർ പറഞ്ഞു. പരേതനായ വാസുദേവൻ പിള്ളയാണ് പിതാവ്. മാതാവ്: ലളിതമ്മ (റിട്ട.പോസ്റ്റ് മിസ്ട്രസ്). ഭാര്യ: രേഖ, മക്കൾ: വിനായക് കൃഷ്ണൻ, െവെശാഖി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.