കെ.എ.എസ്: സ്ട്രീം മൂന്നിലേക്ക് ഗസറ്റഡ് അധ്യാപകർക്ക് 15 വരെ അപേക്ഷിക്കാം
text_fields29ന് പ്രാഥമിക പരീക്ഷ, മുഖ്യപരീക്ഷ ജനുവരി 15, 16 തീയതികളിൽ
തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) മൂന്നാം സ്ട്രീമിലേക്ക് വിദ്യാഭ്യാസവകുപ്പിലെ ഗസറ്റഡ് അധ്യാപകരിൽനിന്ന് അപേക്ഷ സ്വീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനും കമീഷൻ യോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. അപേക്ഷിക്കാനുള്ള വയസ്സ്, യോഗ്യത എന്നിവ 2019 നവംബർ ഒന്നിലെ ആദ്യ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും. പുതുതായി അപേക്ഷിക്കുന്ന ഗസറ്റഡ് അധ്യാപകർക്ക് മാത്രമായി ഡിസംബർ 29ന് പ്രാഥമിക പരീക്ഷ നടത്തും. നേരേത്ത സ്ട്രീം രണ്ടിലേക്ക് അപേക്ഷിച്ച് പ്രാഥമിക പരീക്ഷ എഴുതിയ ഗസറ്റഡ് അധ്യാപകർ ഈ പരീക്ഷ എഴുതേണ്ടതില്ല. ഇവരെ സ്ട്രീം രണ്ടിൽ നിന്ന് സ്ട്രീം മൂന്നിലേക്ക് മാറ്റും. 29ലെ പ്രാഥമിക പരീക്ഷയിലെ വിജയികളെക്കൂടി ഉൾപ്പെടുത്തി ജനുവരി 15, 16 തീയതികളിൽ മൂന്നാം സ്ട്രീമിലേക്ക് മുഖ്യപരീക്ഷ നടത്താനും കമീഷൻ തീരുമാനിച്ചു.
മൂന്നാം സ്ട്രീമിലേക്ക് ഗസറ്റഡ് റാങ്കിലുള്ള പ്ലസ് ടു അധ്യാപകരെ പരിഗണിക്കേെണ്ടന്നായിരുന്നു സർക്കാർ നിലപാട്. ഇവർക്ക് 'ഭരണപരിചയം' ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പകരം ജൂനിയർ അധ്യാപകരെ സ്ട്രീം രണ്ടിലും ഉൾപ്പെടുത്തി. സർക്കാർ തീരുമാനത്തെ അധ്യാപകർ ഹൈകോടതിയിൽ ചോദ്യംചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തെങ്കിലും ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി വിധി സുപ്രീംകോടതി ഡിവിഷൻ െബഞ്ചും അംഗീകരിച്ചതോടെയാണ് സ്ട്രീം മൂന്നിലേക്ക് വീണ്ടും പരീക്ഷ നടത്തേണ്ട അവസ്ഥയിലേക്ക് പി.എസ്.സി എത്തിയത്. ഒന്ന്, രണ്ട് കാറ്റഗറികളിലെ മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തിയിരുന്നു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പേര് പിൻവലിക്കണമെങ്കിൽ നോട്ടറി സർട്ടിഫിക്കറ്റ് വേണമെന്ന പി.എസ്.സി നിർദേശം ഒഴിവാക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ പോകാനും കമീഷൻ തീരുമാനിച്ചു. നിർദേശം ഭാവിയിൽ വൻ തിരിമറികൾക്ക് വഴിവെച്ചേക്കുമെന്ന് യോഗം വിലയിരുത്തി. മിക്ക ഉദ്യോഗാർഥികളുടെയും യൂസർ നെയിം, പാസ്വേഡ് എന്നിവ നെറ്റ് കഫേകളിലോ പി.എസ്.സി കോച്ചിങ് സ്ഥാപന ജീവനക്കാരുടെ കൈകളിലോ ആണ്. റാങ്ക് ലിസ്റ്റിൽ ഒരാൾ പിന്മാറിയാൽ തൊട്ടടുത്തയാളിന് ജോലി ലഭിക്കാമെന്നതിനാൽ പ്രൊഫൈലിലൂടെ ജോലിവേണ്ടെന്ന അറിയിപ്പ് നൽകുന്നത് യഥാർഥ പ്രൊഫൈൽ ഉടമ ആകണമെന്നില്ല. ഇതിനാലാണ് ഗസറ്റഡ് ഓഫിസർ, നോട്ടറി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്ന് യോഗത്തിൽ ചെയർമാൻ എം.കെ. സക്കീർ വിശദീകരിച്ചു. തുടർന്നാണ് ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.