പ്രഫഷനലിസം നടപ്പാക്കാനെത്തിയ കെ.എ.എസുകാർ മടങ്ങുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പ്രഫഷനലിസം നടപ്പാക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച കെ.എ.എസുകാർ മടങ്ങുന്നു. നാല് ജനറൽ മാനേജർമാരെയും അതത് വകുപ്പുകളിലേക്ക് മാറ്റി ഉത്തരവിറക്കി. എസ്.എസ്. സരിനെ മലപ്പുറം ഡെപ്യൂട്ടി കലക്ടറായും ജോഷ്വ ബെനറ്റ് ജോണിനെ പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ആൻഡ് ബ്രിഡ്ജസ്) എറണാകുളം സൂപ്രണ്ടിങ് എൻജിനീയർ കാര്യാലത്തിൽ ഫിനാൻഷ്യൽ അസിസ്റ്റന്റായും റോഷ്ന അലിക്കുഞ്ഞിനെ ചേർത്തല വിദ്യാഭ്യാസ ജില്ല ഓഫിസറായും എ.കെ. പ്രതീഷിനെ കണ്ണൂർ ഇറിഗേഷൻ പ്രോജക്ട് സൂപ്രണ്ടിങ് എൻജിനീയർ ഓഫിസിൽ ഫിനാൻഷ്യൽ അസിസ്റ്റന്റായും മാറ്റിനിയമിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവ്.
ബിജു പ്രഭാകർ സി.എം.ഡി ആയിരുന്ന കാലത്താണ് സ്ഥാപനത്തിന്റെ പുനഃസംഘടനയുടെ ഭാഗമായി നാല് കെ.എ.എസുകാരെ ജനറൽ മാനേജർമാരായി നിയമിച്ചത്. ഭരണനിർവഹണത്തിന് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടർ ബോർഡ് സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിൽ കെ.എസ്.ആര്.ടി.സിയിലെ പ്രധാന തസ്തികകളില്‍ പ്രൊഫഷനലുകളെ കൊണ്ടുവരണമെന്ന നിര്‍ദേശത്തെ തുടർന്നായിരുന്നു ഇത്. ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കിയവരിൽ കെ.എസ്.ആർ.ടി.സിയിലേക്ക് ആരും ഉണ്ടായിരുന്നില്ല. മാനേജ്മെന്റിന്റെ സമ്മർദത്തെ തുടർന്നാണ് പിന്നീട് നാലുപേരെ നിയമിച്ചത്.
സി.എം.ഡി കഴിഞ്ഞാല്‍ കെ.എസ്.ആര്.ടി.സിയിലെ പ്രധാന തസ്തികകളായ എക്സിക്യൂട്ടിവ് ഡയറക്ടർ ചുമതലകളിൽ ഇവരെ നിയമിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഈ തീരുമാനം നടപ്പായില്ല. കാര്യമായ അധികാരങ്ങളോ ചുമതലകളോ ഇവർക്ക് നൽകിയതുമില്ല. ബിജു പ്രഭാകർ സി.എം.ഡി സ്ഥാനം ഒഴിഞ്ഞതോടെ സ്ഥാപനത്തിലെ സാഹചര്യങ്ങൾ മാറി. മാതൃ കേഡറിലേക്ക് മടങ്ങുന്നതിന് ഇവർ സർക്കാറിനെ സന്നദ്ധത അറിയിച്ചിരുന്നെന്നാണ് വിവരം. പിന്നാലെയാണ് പൊതുഭരണ വകുപ്പ് ഇവരെ മാറ്റി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.