കെ.എ.എസ് സംവരണ അട്ടിമറി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും
text_fields
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് സംവരണം നിഷേധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. െഎ.എ.എസിലേക്ക് നിയമനം കിട്ടുന്ന ഇൗ സുപ്രധാന തസ്തികയിലേക്ക് സംവരണ വിഭാഗക്കാർ അർഹമായ നിലയിൽ കടന്നുവരാൻ അവസരമില്ലാതാകും. കെ.എ.എസ് തികച്ചും പുതിയ ഉദ്യോഗസ്ഥ സംവിധാനമാണ്. അത് പ്രമോഷൻ സംവിധാനമല്ല. ഇൗ സാഹചര്യത്തിൽ പുതിയ തസ്തിക എന്ന് കണ്ട് സംവരണ വ്യവസ്ഥയോടെ നിയമന നടപടി എടുക്കേണ്ടതിന് പകരം സ്ഥാനക്കയറ്റം എന്ന് പരിമിതപ്പെടുത്തി സംവരണം അട്ടിമറിക്കാനാണ് ശ്രമം. ‘മാധ്യമം’ നേരേത്ത ഇത് പുറത്തുകൊണ്ടുവന്നിരുന്നു.
പിന്നാക്ക വിഭാഗ സംഘടനകളും ഭൂരിഭാഗം പട്ടികവിഭാഗ സംഘടനകളും കെ.എ.എസിലെ സംവരണ അട്ടിമറിയിൽ തികച്ചും അജ്ഞരാണ്.
അതേസമയം, സി.പി.എമ്മിെൻറ പട്ടികജാതി ക്ഷേമസമിതി നേതാവും രാജ്യസഭ എം.പിയുമായ അഡ്വ. കെ. സോമപ്രസാദ് പട്ടികവിഭാഗ സംവരണം കെ.എ.എസിൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പുതിയ ഉദ്യോഗസ്ഥ സംവിധാനമായ കെ.എ.എസിലേക്ക് എൻട്രി കേഡർ എന്ന നിലയിൽ മൂന്ന് തരത്തിലുള്ള തെരഞ്ഞെടുപ്പിലും സംവരണം ഏർപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു. സംവരണം നൽകുന്നതിന് സർവിസ് ചട്ടങ്ങളിൽ തടസ്സമുണ്ടെങ്കിൽ ആവശ്യമായ ഭേദഗതിവരുത്തി അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടിവേണമെന്നും സംഘടന ആവശ്യപ്പെട്ടു. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നാണ് സൂചന. െഎ.എ.എസിന് സംവരണമുണ്ടായിരിക്കെ കെ.എ.എസിൽ അത് ഒഴിവാക്കുന്നത് ശരിയല്ലെന്ന് കെ. സോമപ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കെ.എ.എസിലെ സംവരണ വിഷയത്തിൽ കാര്യമായ ചർച്ച നടന്നിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയാണ് ജീവനക്കാരുമായി ചർച്ച നടത്തുന്നത്. മുഖ്യധാരാ സർവിസ് സംഘടനകളൊന്നും പിന്നാക്ക-പട്ടിക വിഭാഗ സംവരണ നിഷേധം ഉന്നയിക്കാൻ തയാറല്ല. പലവട്ടം ചർച്ച നടന്നിട്ടും ഇവർ മൗനം പാലിച്ചു. കെ.എ.എസിൽ സംവരണം വരുന്നത് തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന നിലപാടാണ് അവർക്ക്. ഒന്നാമത്തെ സ്ട്രീമിൽ മാത്രമാണ് ഇപ്പോൾ സംവരണം. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലെ ഗസറ്റഡ് ഒഴിവിലെ എല്ലാ വിഭാഗം ജീവനക്കാരിൽനിന്നുമാണ് രണ്ടാമത്തെ തെരഞ്ഞെടുപ്പ്. ഇതിൽ സംവരണം പാലിക്കുമെന്നായിരുന്നു ആദ്യ കരടെങ്കിൽ ഇപ്പോൾ അത് ഒഴിവാക്കി. ഗസറ്റഡ് ഒഫിസർമാരിൽനിന്ന് ബൈട്രാൻസ്ഫർ എന്ന നിലയിലാണ് കെ.എ.എസിലേക്ക് നിയമനം. ഇതിൽ സംവരണം നേരേത്തയും ഇപ്പോഴും വ്യവസ്ഥ ചെയ്തിട്ടില്ല.
ചുരുക്കിപ്പറഞ്ഞാൽ ആദ്യ വിഭാഗത്തിൽ മാത്രമായി സംവരണം പരിമിതപ്പെടും. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് അവസാനത്തെ രണ്ട് വിഭാഗത്തിൽനിന്ന് സംവരണമില്ലാതെ കെ.എ.എസിലേക്ക് കടന്നുവരിക എളുപ്പമാകില്ല. പട്ടികവിഭാഗത്തിനാകും വലിയ നഷ്ടം. ഇൗഴവ, മുസ്ലിം, ഒ.ബി.സി വിഭാഗങ്ങൾക്കും അവസരനഷ്ടം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.