കെ.എ.എസ്: സംവരണ അട്ടിമറിയിൽ സർക്കാറിന് പുനരാലോചന
text_fieldsതിരുവനന്തപുരം: ഭാവിയിൽ ഭരണത്തിെൻറ സുപ്രധാന തലമായി മാറാൻ പോകുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ്) സംവരണം നിഷേധിച്ച നടപടി സർക്കാർ പുനരാലോചിക്കുന്നു. സി.പി.എം പാർട്ടി തലത്തിലും തുടർന്ന ഇടതു മുന്നണി തലത്തിലും വിഷയം പരിശോധിക്കാൻ ധാരണയായി. അതേസമയം, പട്ടിക വിഭാഗങ്ങൾക്ക് കെ.എ.എസിൽ ഉണ്ടാകുന്ന സംവരണനിഷേധമാണ് സർക്കാർ ഗൗരവത്തിലെടുത്തിരിക്കുന്നത്. ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, വിശ്വകർമ, ഒ.ബി.സി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെ വിഷയം ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല. ഇൗ വിഭാഗങ്ങളിൽനിന്ന് സംവരണത്തിനായി ശക്തമായ ആവശ്യം സർക്കാറിന് മുന്നിെലത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
പട്ടിക വിഭാഗ സംവരണം കെ.എ.എസിെൻറ മൂന്ന് ധാരകളിലും (സ്ട്രീം) ഉൾപ്പെടുത്തണമെന്ന് സി.പി.എം സംഘടനായയ പട്ടിക ജാതി ക്ഷേമ സമിതി അടക്കം സർക്കാറിന് നിവേദനം നൽകിയിരിക്കുന്നു. കെ. സോമപ്രസാദ് എം.പി ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. പിന്നാക്ക വിഭാഗ സംഘടനകളും ഇതേ ആവശ്യത്തിൽ സമരരംഗത്താണ്. എന്നാൽ, അനുഭാവ സമീപനം ഇൗ വിഷയത്തിൽ സർക്കാറിൽനിന്നുണ്ടായിട്ടില്ല. സംസ്ഥാന ഭരണത്തിെൻറ നെട്ടല്ലാകാൻ പോകുന്ന കെ.എ.എസിലേക്ക് മൂന്ന് ധാരകളിലാണ് നിയമനം. മൂന്നിലൊന്ന് ഒഴിവിൽ പി.എസ്.സി വഴി നിയമനം നടക്കും. മൂന്നിൽ രണ്ട് ഒഴിവുകൾ സർക്കാർ സർവിസിൽനിന്നാണ് നികത്തുക. സർക്കാർ ജീവനക്കാരിൽനിന്ന് പൊതുവായാണ് രണ്ടാം ധാരയിലേക്ക് പരീക്ഷ നടത്തി നിയമനം നൽകുക. ഇതിൽ സംവരണം ഉറപ്പാക്കിയാണ് നേരത്തേ കരട് സ്പെഷൽ റൂൾസ് തയാറാക്കിയിരിക്കുന്നത്.
ഏതാനും മാസം മുമ്പ് നടന്ന അന്തിമ ചർച്ചയിൽ ഇൗ വ്യവസ്ഥ അട്ടിമറിക്കുകയും ഇത് സ്ഥാനക്കയറ്റ നിയമനമാക്കി മാറ്റുകയും ചെയ്തു. നേരത്തേ ഇത് നേരിട്ടുള്ള നിയമനം എന്ന വിഭാഗത്തിലായിരുന്നു. പ്രായ പരിധിയിലും മറ്റും സംവരണ വിഭാഗങ്ങൾക്ക് ഇളവ് നൽകുകയും ചെയ്തു. സംവരണ അട്ടിമറി ‘മാധ്യമം’ പുറത്തുവിടുകയും എതിർപ്പുയരുകയും ചെയ്തിട്ടും സർക്കാർ ധിറുതിപിടിച്ച് സംവരണ നിഷേധ വ്യവസ്ഥകൾ അംഗീകരിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് പരിധി എട്ടുലക്ഷമാക്കി കേന്ദ്രം വർധിപ്പിച്ചിട്ടും അതു കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്ന നിലപാടും ഇതിനിടെ സർക്കാർ കൈക്കൊണ്ടു. പിന്നാക്ക വിഭാഗ വിഷയങ്ങളിൽ സർക്കാറിെൻറ സമീപനത്തിൽ പ്രതിഷേധമുയരവെയാണ് കെ.എ.എസിൽ പുനർചിന്തയുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.