അഞ്ജുശ്രീയുടെത് ഭക്ഷ്യവിഷബാധയല്ല; ആത്മഹത്യയെന്ന് സൂചന
text_fieldsകാസർകോട്: ബി.കോം വിദ്യാർഥിനിയായിരുന്ന അഞ്ജുശ്രീയുടെത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചു. മരണം ആത്മഹത്യയാണെന്നും എലിവിഷം ഉള്ളിൽ ചെന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് ഉള്ളിൽ ചെന്നതെന്നാണ് സൂചന.
മരിക്കുന്നതിനു മുമ്പ് അഞ്ജുശ്രീ എലിവിഷത്തെ കുറിച്ച് ഫോണിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. എന്നാൽ രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിഷാംശം കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചത്.
അഞ്ജുശ്രീ മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെ പൊലീസ് ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തി വിശദ പരിശോധന നടത്തിയിരുന്നു. പെൺകുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. കാസർകോട് പെരുമ്പള ബേനൂർ കോളജിൽ ബി.കോം വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ.
പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും തുടർന്നു ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.