തലയൂരി കാസർകോട് കലക്ടർ; കോവിഡില്ല സർട്ടിഫിക്കറ്റ് വേണ്ട
text_fieldsകാസർകോട്: ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് കോവിഡില്ലാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന് നിർദേശിച്ച് കാസർകോട് ജില്ല കലക്ടർ ഏപ്രിൽ 16ന് വൈകീട്ട് ഇറക്കിയ ഉത്തരവ് തിരുത്തി. വ്യാപക പ്രതിഷേധത്തെ തുടർന്നും കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്കു നൽകിയ പരാതിയെ തുടർന്നുമാണ് വിവാദ ഉത്തരവ് പിൻവലിച്ചത്.
മുസ്ലിം ലീഗും ഭരണപക്ഷ യുവജന സംഘടനയായ എ.െഎ.വൈ.എഫും മറ്റ് നിരവധി സംഘടനകളും ഉയർത്തിയ പ്രതിഷേധം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയതോടെ കലക്ടറോട് ഉത്തരവ് തിരുത്താനാവശ്യപ്പെടുകയായിരുന്നു. 'െഎ.എ.എസ് എഴുതിയെടുത്ത കലക്ടറുടെ കുറവുണ്ടെന്ന്' യൂത്ത് ലീഗ് പരിഹസിച്ചപ്പോൾ, കലക്ടർ 'ജോസഫ് അലക്സ്' കളിക്കണ്ടയെന്ന് സി.പി.െഎയുടെ യുവജന സംഘടനയായ എ.െഎ.വൈ.എഫ് മുന്നറിയിപ്പു നൽകി. 16ന് ദുരന്ത നിവാരണ യോഗത്തിനു ശേഷം ഇറക്കിയ ഉത്തരവാണ് വിവാദമായത്.
14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തതിെൻറ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്നാണ്' ഉത്തരവിൽ പറഞ്ഞത്. ഇതിൽ നടപടി സ്വീകരിക്കാനായി ജില്ലാ പൊലീസ് മേധാവിയേയും ജില്ലാ മെഡിക്കൽ ഓഫിസറെയും ചുമതലപ്പെടുത്തി. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തുമെന്നും കോവിഡ് പരിശോധനയും വാക്സിനേഷനും നൽകാനുള്ള സംവിധാനവും ഈ പരിശോധന കേന്ദ്രങ്ങളോട് അനുബന്ധിച്ച് സജ്ജീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിലേക്ക് ഓരോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിക്കാനും തീരുമാനമായി.
16ന് രാത്രി ഇറക്കിയ ഉത്തരവ് അടുത്ത ദിവസം രാവിലെ മുതൽ നടപ്പിൽ വരുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ഒരു പകൽപോലും നൽകാതെയുള്ള ഉത്തരവ് കണ്ട് എല്ലാവരും ഞെട്ടി. എതിർപ്പുകൾ ഉയർന്നപ്പോൾ 17ന് തിരുത്തൽ വരുത്തി, നടപ്പാക്കുന്നത് 24 മുതൽ എന്നാക്കി പുതിയ ഉത്തരവിറക്കി. പ്രതിഷേധത്തിന് അയവില്ലാെത വന്നപ്പോൾ വിഷയം സർക്കാറിലേക്ക് എത്തുകയും സർട്ടിഫിക്കറ്റ് എന്ന ആശയം തന്നെ പിൻവലിക്കുകയുമായിരുന്നു. പകരം പ്രതിരോധ പ്രവർത്തനത്തിന് സഹകരിക്കണമെന്ന അഭ്യർഥനയിറക്കി തലയൂരുകയായിരുന്നു കലക്ടർ ചെയർമാനായ ദുരന്ത നിവാരണ വകുപ്പ് ജില്ലാ വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.