കാസർകോട്ട് മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഡ്രൈവറും; അപകടം മരണവീട്ടിലേക്ക് പോവുന്നതിനിടെ
text_fieldsബദിയടുക്ക: കാസർകോട്ട് ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേർ. സ്ത്രീകൾ നാലു പേരും അടുത്ത ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. പുത്തൂരിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീകൾ.
തായലങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവറും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂർ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്. മൊഗ്രാൽപുത്തൂരിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച റഊഫ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മാന്യ ഗ്ലോബൽ പബ്ലിക്ക് സ്കൂളിന്റെ ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ പെർളയിൽ ഇറക്കി തിരികെ മാന്യയിലേക്ക് പള്ളത്തടുക്ക വഴി വരുകയായിരുന്ന ബസ് പുത്തൂരിലെ മരണവീട്ടിലേക്ക് സ്ത്രീകളെയും കൊണ്ടു പോവുകയായിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു.
നാലു പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാൾ കാസർകോട് ജനറൽ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. പുത്തൂർ നെക്രയിലെ ബന്ധുവായ അബ്ദുറഹിമാന്റെ മരണവിവരമറിഞ്ഞ് പോകവേയാണ് ദുരന്തം. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.