കാസർകോട് ജില്ലാ ആശുപത്രിയിലെ കുടിവെള്ള പദ്ധതി :1.50 കോടി നൽകി പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് :കാസർകോട് ജില്ലാ ആശുപത്രിയിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 1.50 കോടി നൽകി പതിറ്റാണ്ട് കഴിഞ്ഞിട്ടും പദ്ധതി പൂർത്തീകരിച്ചിട്ടില്ലെന്ന് ധനകാര്യ റിപ്പോർട്ട്. ആശുപത്രി സമഗ്ര കുടിവെള്ള പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 2013-14, 2014-15 വർഷങ്ങളിലാണ് 1.50 കോടി രൂപ വാട്ടർ അതോറിറ്റിക്കു കൊമാറിയത്. എന്നാൽ, നാളിതുവരെയായും പണി പൂർത്തീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
പദ്ധതിക്കായുള്ള കിണർ നിർമാണത്തിൽ പ്രദേശവാസികൾക്കുണ്ടായ എതിർപ്പും, കോവിഡും, ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയ വിനിമയത്തിലെ കാലതാമസവും മൂലമാണെന്ന് തടസം നേരിട്ടുവെന്നാണ് ധനകാര്യ വിലയിരുത്തൽ. പദ്ധതിയുടെ മുഴുവൻ പ്രവർത്തികളും പൂർത്തീകരിച്ച് 2024 വർഷത്തിൽ തന്നെ ധന വിനിയോഗ സാക്ഷ്യപത്രം വാട്ടർ അതോറിറ്റി, ജില്ലാ പഞ്ചായത്തിന് നൽകിയിട്ടുണ്ടെന്ന് ഭരണ വകുപ്പ് ഉറപ്പു വരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
അന്വേഷണത്തിന്റെ ഭാഗമായി പദ്ധതിയുടെ ഏതെല്ലാം പ്രവർത്തികൾ ചെയ്തിട്ടുണ്ട് എന്ന് സ്ഥല പരിശോധന നടത്തി വിശദ വിവരം റിപ്പോർട്ട് ചെയ്യുവാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു ഡിവിഷനോട് നിർദേശിച്ചിരുന്നു.
കുടിവെള്ളം പദ്ധതിയുടെ ചരിത്രത്തിലേക്ക് കടന്നാൽ തുറന്ന കിണർ, പമ്പിങ് മെഷീൻ സ്ഥാപിക്കൽ, പമ്പ് സെറ്റ് സ്ഥാപിക്കൽ തുടങ്ങിയവക്കായി അഹമ്മദ് കുഞ്ഞി എന്നയാൾക്ക് കരാർ നൽകി. എന്നാൽ, കിണർ നിർമാണ പ്രവർത്തി നാട്ടുകാർ തടഞ്ഞു. അതിനാൽ തുടർ പ്രവർത്തിയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
വിവിധ തലത്തിൽ നടന്ന യോഗങ്ങളുടെയും, ചർച്ചകളുടെയും അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് കുടിവെള്ള പദ്ധതിയിൽ നിന്നും, കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റിയും, കാഞ്ഞങ്ങാട് കുടിവെള്ള പദ്ധതി നവീകരിച്ചും ജലം എത്തിക്കാൻ തീരുമാനിച്ചു. അത് പ്രകാരം 1200 മീറ്റർ പൈപ്പ് അഹമ്മദ് കുഞ്ഞി എന്ന കരാറുകാരൻ മാറ്റി സ്ഥാപിച്ചു. ആശുപത്രിയിൽ കുടിവെള്ളം എത്തിക്കുകയും ചെയ്തുവെന്നാണ് ഫയൽ.
പ്രവർത്തിയുടെ ബാക്കിയുള്ള തുക ഉപയോഗിച്ച് നിലവിലുള്ള ശുദ്ധജല വിതരണം പദ്ധതിയുടെ നവീകരണത്തിന് എ.എം. മൻസൂർ എന്നയാൾക്ക് കരാർ നൽകി. പ്രവർത്തി പുരോഗമിച്ച് വരുകയാണെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു. ബദൽ നിർദേശാനുസരണം മൻസൂർ പദ്ധതി പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണെന്ന് റിപ്പോർട്ട് ചെയ്തു.
ഈ പ്രവർത്തിയുടെ ഭാഗമായി ശുദ്ധീകരണ ശാലയിൽ ബ്ലീച്ചിങ് പൗഡർ സംവിധാനത്തിന് പകരമായിട്ടുള്ള ക്ലോറിനേറ്റർ സ്ഥാപിക്കൽ, ഫിൽറ്റർ മീഡിയ നവീകരണ പ്രവർത്തി എന്നിവ മാത്രമാണ് ഇനി പൂർത്തിയാക്കാൻ ബാക്കിയുള്ളതെന്ന് അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്കുള്ള പ്രത്യേക പൈപ്പ് ലൈനിൻറെ പ്രവർത്തി പൂർത്തീകരിച്ചു 2024 ഏപ്രിൽ മൂന്ന് മുതൽ കുടിവെള്ള വിതരണം നടത്തിയെന്നാണ്
വാട്ടർ അതോറിറ്റി അറിയിച്ചത്. ഇക്കാര്യം ഉറപ്പ് വരുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.