ദാരുണാന്ത്യങ്ങളുടെ ഞെട്ടലിൽ കാസർകോട് ജില്ല
text_fieldsകാസർകോട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെടിവെച്ചുകൊന്ന് ഭർത്താവ് തൂങ്ങിമരിച്ച സംഭവത്തിെൻറ ഞെട്ടലിൽ ജില്ല. നിരവധി ദാരുണാന്ത്യങ്ങളുടെയും അപകടങ്ങളുടെയും തുടർച്ചയായാണ് ശനിയാഴ്ച വടക്കേക്കരയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യചെയ്തത്.
കാനത്തൂർ വടക്കേക്കര ഐ.എച്ച്.ഡി.പി കോളനിയിലെ വിജയനാണ് ഭാര്യ ബേബിയെ വെടിവെച്ചുകൊന്ന ശേഷം തൊട്ടടുത്ത വനത്തിൽ തൂങ്ങിമരിച്ചത്. അഞ്ചുവർഷം മുമ്പാണ് വിജയനും കുണ്ടംകുഴി സ്വദേശിനിയായ ബേബിയും വിവാഹിതരായത്. കവുങ്ങിൽനിന്ന് അടക്ക പൊളിക്കുന്ന വിജയൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു.
പരമ്പരാഗത കർഷകർ ഏറെയുള്ള കാനത്തൂർ പ്രദേശത്തെ മുഴുവൻ തോട്ടങ്ങളിലും അടക്ക പൊളിക്കാൻ വിജയനെയാണ് നാട്ടുകാർ ഏൽപിക്കാറുള്ളത്.
നായാട്ടുകാരൻ കൂടിയാണ് വിജയൻ. മർമം നോക്കി വെടിവെക്കാൻ ഇയാൾ വിദഗ്ധനാണ്. അതേസമയം, പ്രദേശത്ത് കള്ളത്തോക്ക് വ്യാപകമാണെന്ന് പറയപ്പെടുന്നു. ഇത്തരം തോക്കുകൾ മംഗളൂരുവിൽനിന്ന് തിരകൾ വാങ്ങിയാണ് ഉപയോഗിച്ചു വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വിജയനും ഭാര്യ ബേബിയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. നേരത്തെ ഭാര്യയും ഭർത്താവും തമ്മിലുണ്ടായിരുന്ന പ്രശ്നം ബേഡകം സ്റ്റേഷനിൽ രമ്യമായി പരിഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വീണ്ടും വഴക്കുണ്ടായപ്പോൾ ഭാര്യയുടെ മുടി ഇയാൾ മുറിച്ചെടുത്തിരുന്നു. ഇതിനുശേഷം ഭാര്യ കാനത്തൂർ ടൗണിൽ വന്നത് തല മറച്ചായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നവജാത ശിശുവിനെ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് നാട്ടിലാകെ ഞെട്ടലുളവാക്കിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് ബദിയടുക്ക ചേടിക്കാലിലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി പ്രസവിച്ചിട്ടുണ്ടെന്നും വീട്ടിൽ പരിശോധിക്കാനും ഡോക്ടർ ആവശ്യപ്പെട്ടത്.
തുടർന്ന് കട്ടിലിനടിയിൽനിന്ന് ചോരക്കുഞ്ഞിെൻറ ജഡം കണ്ടെടുക്കുകയായിരുന്നു. ഒരുകുട്ടി ജനിച്ച ഉടൻ ഗർഭിണി ആയതിെൻറ ജാള്യം മറക്കാൻ മാതാവ് തന്നെയാണ് പ്രസവിച്ച ഉടൻ സ്വന്തം കുഞ്ഞിനെ ഇയർ ഫോണിെൻറ വയർ ഉപയോഗിച്ച് കഴുത്തു ഞെരിച്ചുകൊന്നത്. ഈ കേസിൽ കഴിഞ്ഞ ദിവസം കുഞ്ഞിെൻറ മാതാവ് അറസ്റ്റിലായി.
ഡിസംബർ ആദ്യവാരമാണ് ബദിയടുക്ക കാട്ടുകുക്കെയിൽ ഒന്നര വയസ്സുകാരനെ മാതാവ് കിണറ്റിലെറിഞ്ഞ് കൊന്നത്. ഏറെ നാളത്തെ അന്വേഷണത്തിനിടയിൽ ഈ കേസിലും പിടിയിലായത് സ്വന്തം മാതാവാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പാണത്തൂരിൽ കർണാടകയിൽനിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴു കർണാടക സ്വദേശികൾ മരിച്ചത്.
കർണാടകയിൽനിന്ന് പുറപ്പെട്ട് കേരളത്തിലൂടെ കർണാടകയിലെ മറ്റൊരു സ്ഥലത്തുള്ള വധൂഗൃഹത്തിലേക്കുള്ള യാത്രാമധ്യേയാണ് പാണത്തൂരിൽ അപകടമുണ്ടായത്. റോഡിെൻറ അശാസ്ത്രീയതയും തൊട്ടടുത്ത് ചികിത്സ സംവിധാനങ്ങളുടെ അപര്യാപ്തതയും മരണ നിരക്ക് ഉയർത്തി.
റിപ്പോർട്ട് ആവശ്യപ്പെട്ട് വനിത കമീഷൻ
കാസര്‍കോട്: കാനത്തൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിെവച്ചുകൊന്ന സംഭവത്തിെൻറ വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമീഷന് അംഗം ഡോ. ഷാഹിദ കമാല്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. സംഭവം വളരെ ദൗര്‍ഭാഗ്യകരമായെന്നും വനിത കമീഷന് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.