നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരയുന്നതിനിടെ കാസർകോട്ടെ എം.എസ്.എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു
text_fieldsകാസര്‍കോട്: പാളത്തിൽ വീണ മൊബൈല്‍ ഫോണെടുക്കാന്‍ സുഹൃത്തുക്കളോടൊപ്പം ട്രെയിനിറങ്ങിയ കാസര്‍കോട്ടെ എം.എസ്.എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു. ചെർക്കള തായലിലെ മുഹമ്മദിന്‍റെയും ഹസീനയുടെയും മകൻ ബാസിത് തായലാണ് (20) മരിച്ചത്. ഞായറാഴ്ച രാത്രി തൃശൂർ ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.
എം.എസ്.എഫ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്‍റ്, എസ്.കെ.എസ്.ബി.വി കാസർകോട് ജില്ല പ്രസിഡൻറ്, എസ്.കെ.എസ്.എസ്.എഫ് ചെർക്കള മേഖല ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തേക്ക് പോയ ബാസിത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ചാലക്കുടിയിൽ ബാസിത്തിന്‍റെ മൊബൈൽ ഫോണ്‍ പാളത്തിൽ വീഴുകയായിരുന്നു.
തൃശൂരിൽ ട്രെയിനിറങ്ങിയ ബാസിത്തും കൂട്ടരും മൊബൈൽ കണ്ടെത്താൻ മറ്റൊരു ട്രെയിനിൽ കയറി കല്ലേറ്റുംകരയിൽ ഇറങ്ങി ഫോൺ തിരയുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ട്രഷറർ അസ്ഹർ പെരിമുക്ക് തുടങ്ങിയവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. സഹോദരങ്ങൾ: അജ്നാസ് (എൻജിനീയറിങ് വിദ്യാർഥി), മിൻഷാന, ഫാത്തിമത്ത് ഹനാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.