കുടിവെള്ളം പോലുമില്ല; കാസർകോട് റെയിൽവേ സ്റ്റേഷനിൽ ദുരിതം
text_fieldsകാസർകോട്: ജില്ല ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിൽ കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞ് യാത്രക്കാർ. സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ സ്റ്റാളുകളും എടുത്തുകളഞ്ഞപ്പോൾ ദുരിതമായത് സ്ഥിരം യാത്രക്കാർക്കാണ്.
ടെൻഡർ കാലാവധി തീർന്നതാണ് പ്രശ്നത്തിന് കാരണം. ദീർഘദൂര യാത്രക്കാർക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിനിന്നാൽ ഇറങ്ങി വെള്ളം വാങ്ങാൻപോലും മാർഗമില്ല.
കാറ്ററിങ് സ്റ്റാൾ, മൾട്ടി പർപസ് സ്റ്റേഷനറി സ്റ്റാൾ, സിംഗിൾ ടീ സ്റ്റാൾ തുടങ്ങിയവയുടെ കരാർ ഒരുവർഷം രണ്ടു വർഷം തുടങ്ങിയ കാലാവധിയിലാണ് കൊടുക്കുക. കരാർ തീരുന്നതിന് മുന്നേ പുതുക്കുകയോ പുതിയത് എടുക്കുകയോ വേണം. പക്ഷേ, അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നാണ് പരാതി.
പാലക്കാട് ഡിവിഷനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഒരുസമയത്തും സ്റ്റാൾനിന്നുപോകരുതെന്നാണ് വ്യവസ്ഥ. വാണിജ്യ വകുപ്പാണ് ഇക്കാര്യങ്ങളുടെ ചുമതല നിർവഹിക്കേണ്ടത്. ഇങ്ങനെയൊരു വീഴ്ച എന്തുകൊണ്ടാണ് സംഭവിച്ചതെന്നറിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
അവശ്യസാധന കൗണ്ടറും മിൽമ സ്റ്റാളും നേരത്തേ പൂട്ടി
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷന്റെ നവീകരണപ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ചെറിയ ചെറിയ ടീ സ്റ്റാളൊക്കെ അനുവദിക്കുന്നതിൽ പ്രശ്നമില്ല. പുതിയ റസ്റ്റാറന്റിന്റെ പണി നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പ്ലാറ്റ് ഫോമിലെ പ്രവൃത്തി തീരുന്നമുറക്ക് തുറക്കുമെന്നാണ് പറയുന്നത്.
ഏറെ ഉപകാരപ്പെട്ടിരുന്ന മിൽമയുടെ സ്റ്റാൾ നേരത്തേതന്നെ പൂട്ടി. പുതിയ മിൽമ സ്റ്റാളിന് അനുമതി കൊടുത്തിട്ടുമില്ല. രണ്ടാമത് മൾട്ടി പർപ്പസ് സ്റ്റാളായിരുന്നു. കൂടാതെ, ടിക്കറ്റ് കൗണ്ടറിനടുത്തെ ടീ സ്റ്റാളും നിന്നു.
കലക്ടറേറ്റിലെ ജോലിസമയം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ നേരെ സ്റ്റേഷനിൽ വന്നിറങ്ങുന്ന സ്ഥിരം യാത്രക്കാർ നിത്യവും ഈ ടീ സ്റ്റാളിനെയാണ് ആശ്രയിച്ചിരുന്നത്.
ഡി.എം.ആറിന്റെ ശ്രദ്ധയിൽപെട്ടില്ല
ഡിവിഷനൽ റെയിൽവേ മാനേജറുടെ (ഡി.ആർ.എം) ശ്രദ്ധയിൽ ഇത് വന്നിട്ടില്ല എന്നാണ് ആരോപണം. ഏകദേശം ഒരുമാസമായി ഇവ നിലച്ചിട്ട്. ഡി.ആർ.എമ്മിന്റെ ശ്രദ്ധയിൽപെടുത്തേണ്ടവർ ഉദാസീന നിലപാടെടുത്താണ് കാരണമെന്നും ആക്ഷേപമുണ്ട്.
പാലക്കാട് ഡിവിഷനിൽ കമേഴ്സ്യൽ മാനേജർക്കാണ് ഇതിന്റെ ചുമതല. ഓരോ സ്റ്റാളിന്റേയും കാലാവധി സമയം കമ്പ്യൂട്ടറിൽ ഡേറ്റയുമുണ്ട്. എന്നിട്ടാണ് ഇങ്ങനെയൊരു അലംഭാവം നേരിട്ടിരിക്കുന്നത്. ഓരോന്നിന്റെയും കാലാവധി തീരുന്നതിന് ഒരുമാസം മുമ്പെങ്കിലും പുതിയതിനുള്ള ടെൻഡർ ക്ഷണിക്കുകയും സ്റ്റാർട്ട് ചെയ്യേണ്ട നടപടി സ്വീകരിക്കേണ്ടതുമാണെന്നാണ് റെയിൽവേ ചട്ടം.
വെല്ലുവിളി ടെൻഡർ തുക
ഒരുവർഷം, രണ്ടുവർഷ കാലാവധിയിലാണ് പലപ്പോഴും ടെൻഡർ ക്ഷണിക്കുക. ടെൻഡറിൽ ആരാണ് കൂടുതൽ തുക റെയിൽവേക്ക് നൽകുന്നത് അവർക്കാണ് സ്റ്റാളിന് അനുവാദം. 750 രൂപയാണ് റെയിൽവേ പറയുന്നതെങ്കിൽ ആ തുകയോ അതിന് മുകളിലോ പറയുന്ന ഒരാൾക്ക് ടെൻഡർ കൊടുക്കും. എന്നാൽ, ആർക്കും നടത്തിക്കൊണ്ടുപോകാൻ പറ്റുന്നതല്ല റെയിൽവേയുടെ റേറ്റ് എന്നത് ഒരു പ്രയാസമാണെന്ന് ഈ രംഗത്തുള്ളവർ പരാതി പറയുന്നുണ്ട്. ഒരുദിവസം വാടകയിനത്തിൽ മാത്രം ചെറിയ സ്റ്റാളിന് റെയിൽവേക്ക് നൽകേണ്ടത് 850 രൂപയോളമാണ്. അതിൽ ഇലക്ട്രിസിറ്റി ചാർജ് (വാണിജ്യ റേറ്റിൽ), വാട്ടർ ചാർജടക്കം 1500ഓളം രൂപ വരും. അത് കൂടാതെ, ജീവനക്കാരുടെ ശമ്പളം.
24 മണിക്കൂറാണ് ഇങ്ങനെയുള്ള സ്റ്റാൾ പ്രവർത്തിക്കുന്നത്. അതിൽ ഓരോ ഷിഫ്റ്റുകളായാണ് ജോലിക്കാരുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഇവർക്കുള്ള ശമ്പളം തന്നെ നല്ലൊരു തുക വേണം. അതുകൊണ്ടുതന്നെ സ്റ്റാൾ നടത്തിപ്പുകാർക്ക് പിടിച്ചുനിൽക്കാനാവുന്നില്ല എന്നതാണ് യാഥാർഥ്യം.
പലരും ഒരു പ്രാവശ്യം ടെൻഡർ എടുത്താൽ പിന്നീട് എടുക്കാത്തതിന്റെയും കാരണമിതാണ്. കാസർകോടിന്റെ മൂന്നിലൊന്ന് വലുപ്പമുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ മൂന്ന് സ്റ്റാളുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.