സുബൈദ വധം: രണ്ടുപേര്‍ അറസ്റ്റില്‍; രണ്ടുപേരുടെ അറസ്റ്റ് ഉടൻ
text_fieldsകാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ (60) വീട്ടിനകത്ത് കൊലപ്പെടുത്തി അഞ്ചരപ്പവന്‍ കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ കുഞ്ചാറിൽ കോട്ടക്കണിയിലെ നസ്രീന മന്‍സിലിൽ അബ്ദുൽ ഖാദര്‍ എന്ന കെ.എം. ഖാദര്‍ (26), മധൂർ പടല് കുതിരപ്പാടിയിലെ പി. അബ്ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി കെ.വി. ദാമോദരെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാെൻറയും കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവിെൻറയും സാന്നിധ്യത്തിൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊലയുടെ പിന്നിൽ നാലുപേരുണ്ടെന്നാണ് വിവരം. രണ്ടുപേരെ ഉടൻ പിടികൂടും.
ജനുവരി 17നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കവര്‍ച്ച ചെയ്യപ്പെട്ട രണ്ടു സ്വര്‍ണവളകളും ഒരു മാലയും ഒരു ജോഡി കമ്മലും കാസർകോട് നഗരത്തിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. സൈബർ സെൽ, ആർ.ടി.ഒ സഹായത്തോടെയാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. പിടികൂടിയ പ്രതികളുടെ പേരിൽ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കകം പുറത്തറിയിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അബ്ദുൽ ഖാദറും അബ്ദുൽ അസീസും മറ്റ് രണ്ടു പ്രതികളും ചേര്‍ന്ന് ജനുവരി 16ന് കാസര്‍കോട്ടുനിന്ന് വാടകക്ക് എടുത്ത കെ.എൽ -60 കെ- 1111 നമ്പര്‍ വെളുത്ത െഎ 20 ആസ്റ്റ കാറിൽ സുബൈദയുടെ ചെക്കിപ്പള്ളത്തെ വീടിനടുത്തെത്തി. കുവൈത്തിലുള്ള മുഹമ്മദ് കുഞ്ഞിയുടെ വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. സുബൈദ ക്വാര്‍ട്ടേഴ്‌സ് കാണിച്ചുകൊടുത്തു. പ്രതികള്‍ സുബൈദയുടെ വീടും പരിസരവും വീക്ഷിച്ച് തിരിച്ചുപോകുകയും ചെയ്തു.
അടുത്തദിവസം ഉച്ചക്ക് 12.30ഒാടെ ചുവന്ന സ്വിഫ്റ്റ് കാറിൽ നാലു പ്രതികളും വീണ്ടും സ്ഥലത്തെത്തി. ഇൗസമയം സുബൈദ വീട്ടിലുണ്ടായിരുന്നില്ല. പ്രതികൾ തിരിച്ചുപോകാൻ ഒരുങ്ങിയപ്പോൾ സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ടു. തുടർന്ന് വീടുവരെ പിന്തുടര്‍ന്നു. വീട്ടിലെത്തിയപ്പോൾ ‘‘കഴിഞ്ഞദിവസം വന്നിരുന്നല്ലോ’’ എന്ന് പ്രതികളോട് സുബൈദ ചോദിച്ചു. കാര്യങ്ങൾ ശരിയായില്ല എന്ന് മറുപടി പറഞ്ഞു. തുടർന്ന് പ്രതികളോട് അകത്തിരിക്കാൻ ആവശ്യപ്പെട്ടു. ഇവർക്ക് കുടിവെള്ളമെടുക്കാൻ അകത്തുകടന്നപ്പോള്‍ ഒരാൾ പിന്നാലെ ചെന്ന് ക്ലോറോഫോം ചേർത്ത തുണികൊണ്ട് പിറകിൽനിന്ന് മൂക്കും വായും പൊത്തിപ്പിടിച്ചു. 10 മിനിറ്റ് ഇങ്ങനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചുവീണ സുബൈദയുടെ കാലും കൈയും കെട്ടിയിട്ടു. ഇത് അവർ ഉണർന്നാലും എഴുന്നേൽക്കാതിരിക്കാനാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്നാണ് കവർച്ച.
ഇവരുടെ കൈവശം ധാരാളം സ്വര്‍ണാഭരണങ്ങളും പണവും ഉണ്ടെന്ന ധാരണയിലാണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് സി.െഎ സി.കെ. സുനിൽകുമാർ, കാസർകോട് ടൗൺ സി.െഎ സി.എ. അബ്ദുറഹീം, ബേക്കൽ സി.െഎ വിശ്വംഭരൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.
പ്രതികളുമായി തെളിവെടുപ്പിനെത്തി; രോഷവുമായി നാട്ടുകാർ
പെരിയ: ആയമ്പാറയിലെ ചെക്കിപ്പള്ളത്ത് കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിൽ പ്രതികളെ തെളിവെടുപ്പിനെത്തിച്ചേപ്പാൾ ധാർമികരോഷവുമായി നാട്ടുകാർ തടിച്ചുകൂടി. വെള്ളിയാഴ്ച ഉച്ചയോടെ പ്രതികളുമായി െപാലീസ് സംഘം എത്തിയെന്ന വിവരം കാട്ടുതീപോലെ പടർന്നിരുന്നു. വാഹനത്തിൽനിന്ന് പ്രതികളെ പുറത്തിറക്കിയതും കറുത്തതുണികൊണ്ട് മുഖംമറച്ച പ്രതികൾക്കുനേരെ സ്ത്രീകളടക്കമുള്ള നാട്ടുകാർ വൈകാരികമായാണ് പ്രതികരിച്ചത്. ആൾക്കൂട്ടത്തിൽനിന്ന് അധിക്ഷേപവും ശാപവാക്കുകളുമുയർന്നപ്പോൾ പൊലീസ് നടപടിക്രമങ്ങൾ വേഗത്തിലാക്കി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ. ദാമോദരൻ, എ.എസ്.പി വിശ്വനാഥ്, ബേക്കൽ സി.ഐ വി.കെ. വിശ്വംഭരൻ, ഹോസ്ദുർഗ് സി.ഐ സി.കെ. സുനിൽകുമാർ, കാസർകോട് സി.ഐ റഹീം, എ.എസ്.ഐമാരായ നാരായണൻ, ബാലകൃഷ്ണൻ, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ലക്ഷ്മി നാരായണൻ, അബൂബക്കർ തുടങ്ങിയ െപാലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കൊപ്പം എത്തിയിരുന്നു. വീടിനകത്തും പരിസരത്തും നടന്ന തെളിവെടുപ്പ് അധികസമയം നീണ്ടില്ല.
പ്രതീക്ഷിച്ചത് സമ്പത്ത് ശേഖരം; കിട്ടിയത് അഞ്ചരപ്പവൻ മാത്രം
കാഞ്ഞങ്ങാട്: പെരിയ ആയംപാറയിലെ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്െതത്തിയ പ്രതികൾ പ്രതീക്ഷിച്ചത് കൂടുതൽ സ്വർണവും പണവും. കൊലപാതകത്തിനുശേഷം വീട്ടിൽനിന്ന് കിട്ടിയത് അഞ്ചരപ്പവൻമാത്രം. തലേദിവസം വന്ന പ്രതികൾ സുബൈദ ഒറ്റക്ക് താമസിക്കുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അവരുടെ ദേഹത്തെ ആഭരണം കണ്ടപ്പോൾ അതിെനക്കാൾ കൂടുതൽ വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് കവർച്ച ആസൂത്രണം ചെയ്തത്. ക്ലോറോഫോം കുപ്പിയിലാക്കി കൊണ്ടുവന്ന പ്രതികൾ വിദഗ്ധമായിതന്നെ കൊലക്ക് പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തം. 24 മണിക്കൂറിനുള്ളിലാണ് തീരുമാനമെടുത്തതെന്ന് പൊലീസ് പറയുന്നു. വേദനിപ്പിക്കാതെ ഒച്ചയും ബഹളവും ഇല്ലാതെ കൊലപ്പെടുത്തി മോഷണം നടത്താനായിരുന്നു പരിപാടി.
ഒന്നാം പ്രതി ഖാദറും പിടികൂടാനുള്ള മൂന്നാം പ്രതിയുമാണ് നിലത്തുവീണ സുബെദയുടെ ആഭരണങ്ങൾ അഴിച്ചെടുത്തത്. തുടർന്ന് അലമാര തുറന്ന് പരിശോധന നടത്തി. കൂടുതൽ ഒന്നും കിട്ടാതായപ്പോൾ താക്കോലും പൂട്ടും ഉപയോഗിച്ച് വീട് പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. കൃത്യം നടത്തിയശേഷം കാസർകോെട്ടത്തിയ പ്രതികൾ ആഭരണങ്ങൾ വിൽപനനടത്തി പണം പങ്കിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ഖാദർ കുറച്ചുകാലം സംഭവം നടന്ന സ്ഥലത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിൽനിന്നതിെൻറ പരിചയവും പ്രതികൾക്ക് സഹായകമായി. വിൽപനനടത്തിയ സ്വർണം മുഴുവൻ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുശേഖരണമാണ് കേസിെൻറ കാര്യത്തിൽ അവലംബിച്ചതെന്ന് പൊലീസ് പറഞ്ഞു.
എങ്ങനെ ഇവർക്ക് കൊല്ലാൻ കഴിഞ്ഞു; പൊട്ടിക്കരഞ്ഞ് ഖദീജയും മാധവിയും
കാഞ്ഞങ്ങാട്: ‘‘ഒരാളോടുപോലും ദേഷ്യപ്പെടാത്തയാളായിരുന്നു നമ്മളെ പ്രസിഡൻറ്. എങ്ങനെ ഇൗ ചെക്കന്മാർക്ക് കൊല്ലാൻ കഴിഞ്ഞു’’? അക്ഷയ കുടുംബശ്രീ അംഗവും കൊല്ലപ്പെട്ട സുബൈദയുടെ അടുത്ത സുഹൃത്തുക്കളുമായ ഖദീജയും മാധവിയും ചോദിക്കുന്നു. കൊലപാതകികൾക്ക് പടച്ചോൻ പൊറുത്തുകൊടുക്കില്ല -പ്രതികളെ പിടികൂടിയതറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് ഇരുവരും പറഞ്ഞു.
കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതത് സമയത്ത് നടത്തുകയും കണക്കും മറ്റുകാര്യങ്ങളും എഴുതിവെക്കുകയും ചെയ്തിരുന്നു. ജീവിതത്തിൽ ഒരു ഉറുമ്പിനെപോലും നോവിച്ചിട്ടുണ്ടാവില്ല, അത്രക്കും നിഷ്കളങ്കയായിരുന്നു സുബൈദയെന്ന് മാധവി പറഞ്ഞു. പ്രതികളെ പിടികൂടാൻ കഴിയാത്തതിെൻറ ദേഷ്യത്തിലായിരുന്നു ആയമ്പാറയിലെ നാട്ടുകാർ മുഴുവൻ. ഏറെ വൈകിയാണെങ്കിലും പിടികൂടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇനി ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകാൻപാടില്ലെന്നും കണ്ണീർ തുടച്ചുകൊണ്ട് അവർ പറയുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അമ്മയെപോലെയാണ്. അവർക്ക് മക്കളില്ലാത്തതുകൊണ്ട് സ്വന്തം മക്കളെ പോലെയാണ് നാട്ടുകാരെ കണ്ടതെന്നും ഇവർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.