Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:08 AM GMT Updated On
date_range 25 May 2022 12:08 AM GMTചോദ്യപേപ്പർ ആവർത്തനം; സംവിധാനത്തിന്റെ തകരാറെന്ന് പരീക്ഷ കൺട്രോളർ
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സര്‍വകലാശാലയില്‍ ചോദ്യപേപ്പർ ആവർത്തനത്തിലെ വീഴ്ച ഒരു സംവിധാനത്തിന്റെ തകരാറാണെന്നും അതിനിയും ആവർത്തിക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ. വിന്‍സെന്റ്. പരീക്ഷ നടത്തിപ്പിലെ വീഴ്ചയിൽ വിമർശനം നേരിട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൻ നൽകുന്ന പാനലിൽനിന്നാണ് ബോർഡ് ഓഫ് എക്സാമിനേഴ്സിനെ നിയമിക്കുന്നത്. അവർ സീൽ ചെയ്ത കവറിൽ ചോദ്യപേപ്പർ നൽകിയാൽ സുരക്ഷിതമായി പ്രസിൽ അച്ചടിച്ച് പരീക്ഷ ഹാളിൽ വിതരണം ചെയ്യുകയാണ്. പിന്നീട് അത് തുറന്നുനോക്കുന്നത് പരീക്ഷ ഹാളിലായിരിക്കും. കോവിഡ് കാലത്ത് കേന്ദ്രീകൃത സൂക്ഷ്‌മ പരിശോധന നടത്താൻ സാധിച്ചില്ല. ഓൺലൈനായി നടത്തിയ സൂക്ഷ്‌മ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ആവർത്തനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ തയാറാക്കിയപ്പോൾ സംഭവിച്ച തെറ്റാണിത്. കൈകാര്യം ചെയ്ത വിദഗ്ധർക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് പ്രായോഗികമല്ല. ഇതിന്റെ ഭാഗമായ നടപടികൾ നടക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ ചോദ്യബാങ്ക് സംവിധാനം നടപ്പാക്കുന്നതോടെ ഈ പ്രശ്നം ഇല്ലാതാവും. സർവകലാശാല പഠനവകുപ്പുകളിൽ ഇത് നടപ്പാക്കിക്കഴിഞ്ഞു. നവംബറോടെ കോളജുകളിലേക്കും വ്യാപിപ്പിക്കും. ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ ജനറേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് കുറ്റമറ്റ രീതിയിലാണ് ചോദ്യപേപ്പർ തയാറാക്കുകയെന്നും അദ്ദേഹം തുടർന്നു. ചോദ്യപേപ്പർ ആവർത്തന വിവാദങ്ങളെത്തുടർന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ അംഗീകരിച്ചതോടെയാണ് പി.ജെ. വിൻസെന്‍റ് സ്ഥാനമൊഴിയുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായിരിക്കെ 2019 ഒക്ടോബറിലാണ് കണ്ണൂര്‍ സർവകലാശാല പരീക്ഷ കണ്‍ട്രോളറായി ചുമതലയേറ്റത്. തിരിച്ച് ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷനിൽ പ്രവേശിക്കും. സർവകലാശാല കോളജിൽ തന്നെയാവും പുതിയ നിയമനവും എന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story