Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:09 AM GMT Updated On
date_range 26 May 2022 12:09 AM GMTസി.പി.എം നിയന്ത്രിത ബാങ്കിന് വാടകയിളവ്; എതിര്‍ത്ത് പ്രതിപക്ഷം
text_fieldsbookmark_border
കാഞ്ഞങ്ങാട്: അലാമിപള്ളി ബസ് സ്റ്റാൻഡില്‍ സി.പി.എം നിയന്ത്രണത്തിലുള്ള മടിക്കൈ സര്‍വിസ് സഹകരണ ബാങ്കിന് വാടക ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി തേടാനുള്ള ഭരണപക്ഷത്തിന്റെ നീക്കത്തെ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തു. നഗരസഭ വൈദ്യുതി, വെള്ളം എന്നിവയുടെ സൗകര്യമൊരുക്കി നല്‍കാത്തതിനെ തുടര്‍ന്ന് 2021 ആഗസ്റ്റ് മാസം മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഒടുക്കിയ വാടകത്തുകയായ 2,23,972 രൂപ തിരിച്ചുതരണമെന്ന മടിക്കൈ സഹകരണ ബാങ്ക് ഭരണസമിതി നഗരസഭ സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള കത്ത് ഇന്നലെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ 22ാം അജണ്ടയായി വന്നതോടെയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ അനുമതിക്ക് വിടണമെന്ന് ഭരണമുന്നണിയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്. 10,000 രൂപക്കു മുകളിലുള്ള വാടക കുടിശ്ശിക ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണമെന്ന നിയമമുള്ളതുകൊണ്ടാണ് വാടക ഇളവിനായി സര്‍ക്കാര്‍ അനുമതിക്ക് വിടാന്‍ കൗണ്‍സില്‍ അനുമതി ഭരണപക്ഷം തേടിയത്. തുടര്‍ന്ന് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട വോട്ടിനിട്ടു. 21 വോട്ട് അനുകൂലിച്ചും 17 വോട്ട് എതിര്‍ത്തും വന്നു. യു.ഡി.എഫ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന 17 വോട്ടിനെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ 21 വോട്ടില്‍ അലാമിപള്ളി ബസ് സ്റ്റാൻഡില്‍ സി.പി.എം നിയന്ത്രിത ബാങ്കിനുള്ള വാടക ഇളവിന് സര്‍ക്കാറിനെ സമീപിക്കാനുള്ള പ്രതിപക്ഷ എതിര്‍പ്പ് ഭരണ പക്ഷം മറികടന്നു. നഗരസഭ വക കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ഒന്നാം നിലയിലെ എ വണ്‍, എ ടു എന്നീ മുറികള്‍ വേര്‍തിരിക്കുന്ന ചുമര്‍ ഒറ്റ മുറിയാക്കാനുള്ള ലൈസന്‍സി അനിതയുടെ അപേക്ഷയും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. 40 വര്‍ഷത്തോളം പഴക്കം ചെന്ന കോട്ടച്ചേരി ബസ് സ്റ്റാൻഡില്‍ ഇത്തരത്തില്‍ മുറികള്‍ പൊളിച്ചാല്‍ അത് ബസ് സ്റ്റാൻഡിന് തന്നെ അപകടമാകും എന്ന് കാണിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പും നല്‍കി. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ അധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ചര്‍ച്ചകളില്‍ കൗണ്‍സിലര്‍മാരായ കെ.കെ. ജാഫര്‍, ടി.കെ. സുമയ്യ, അഷ്‌റഫ് ബാവനഗര്‍, സി.എച്ച്. സുബൈദ, സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്‍, ടി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബാബു, വി.വി. രമേശന്‍, ബല്‍രാജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story