Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTഭക്ഷ്യസുരക്ഷ വകുപ്പിൽ പരാതികൾ ഏറെ; പരാധീനതകൾ അതിലേറെ
text_fieldsbookmark_border
കാസർകോട്, ഉദുമ, കാഞ്ഞങ്ങാട് ഓഫിസുകളിൽ നാഥനില്ല കാസർകോട്: ജില്ലയിലെ ഭക്ഷ്യസുരക്ഷ വകുപ്പുകളിൽ പരാതികളുടെ പ്രവാഹമാണ്. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ച് മടങ്ങുന്നവർ മുതൽ തദ്ദേശസ്ഥാപനങ്ങളിലെ കിണറുകൾ വരെ പരാതികളായി വരും. പരാതികളേറെയും വ്യാജ ഫോൺ സന്ദേശമായിരിക്കും. പരാതികൾക്കു പിന്നാലെ പോകാൻ ആവശ്യമായ ജീവനക്കാരില്ലാത്തതും സൗകര്യങ്ങളില്ലാത്തതും അതിലേറെ പ്രശ്നവും. വെള്ളം, ഭക്ഷണം തുടങ്ങി വിഷയങ്ങളിൽ ഒട്ടേറെ പരാതികളാണ് ഭക്ഷ്യസുരക്ഷ വകുപ്പിന് എല്ലാ ദിവസവും ലഭിക്കുന്നത്. വ്യാജ ഫോൺ വിളികളായും രേഖാമൂലമുള്ള പരാതികളായും വരുന്നു. മറ്റുള്ളവർക്ക് 'പണി' കൊടുക്കുകയെന്ന ലക്ഷ്യത്തോടെയും ചില വിളികൾ ഓഫിസിലെത്തുന്നു. ഇത്തരം പരാതികളിൽ നടപടിയെടുക്കുന്നുണ്ടോയെന്നറിയാൻ വിജിലൻസ് വിഭാഗം വെള്ളിയാഴ്ച ഓഫിസുകളിൽ പരിശോധന നടത്തി. പണം വാങ്ങി പരാതികൾ ഒത്തുതീർപ്പാക്കുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാനതലത്തിൽ ഇത്തരം പരാതികൾ കൂടുതലാണ്. ഇതിൻെറ അടിസ്ഥാനത്തിലാണ് ജില്ലയിലും പരിശോധന നടത്തിയത്. പൊതുജനാരോഗ്യത്തിൽ ഏറ്റവും നിർണായക പങ്കുള്ള ഭക്ഷ്യസുരക്ഷ വകുപ്പിന് ജില്ലയിൽ വേണ്ടത്ര ആളില്ലെന്നതും പ്രധാന പ്രശ്നമാണ്. ജില്ല ഓഫിസർക്കു പുറമെ അഞ്ചു നിയോജക മണ്ഡലങ്ങളിലാണ് ഓഫിസർമാരുണ്ടാവുക. എന്നാൽ, അഞ്ചു മണ്ഡലതല ഉദ്യോഗസഥരിൽ മൂന്നിടത്തും ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കാസർകോട്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലാണ് ആളില്ലാത്തത്. ഇക്കാരണത്താൽ ഓഫിസ് പ്രവർത്തനത്തിന് നാഥനില്ലാത്ത സ്ഥിതിയാണ്. ക്ലർക്കുമാരും ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുമാണ് ഈ ഓഫിസുകളിലെ കാര്യങ്ങൾ നോക്കുന്നത്. ചില പരാതികൾക്കു പിറകെ പോകാത്തതും ഇക്കാരണത്താലാണ്. ലാബ് സൗകര്യമില്ലാത്തതാണ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. അതിർത്തിവഴി വരുന്ന ചില വസ്തുക്കൾ പിടികൂടിയാലും പരിശോധനക്ക് കോഴിക്കോട്ടെ റീജനൽ ലാബ് തന്നെ ആശ്രയിക്കണം. അതിർത്തി ജില്ലയെന്ന നിലക്ക് സർക്കാർ കാസർകോട്ട് ലാബ് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. തെക്കൻ ജില്ലകളിൽനിന്നുള്ളവരാണ് ഭക്ഷ്യസുരക്ഷ ഓഫിസർമാരായി വരുന്നത്. സ്ഥാനക്കയറ്റമോ ശിക്ഷാനടപടിയുടെയോ ഭാഗമായി ജില്ലയിലെത്തുന്നവർ ഉത്തരവ് കിട്ടി അന്നുമുതൽ സ്ഥലംമാറ്റത്തിന് ശ്രമിക്കുകയാണ്. അവർ മടങ്ങിപ്പോയാൽ പകരം ആൾ വരാത്തതിനാൽ ജില്ലയിൽ മിക്ക ഓഫിസർ തസ്തികകളും ഒഴിഞ്ഞുകിടക്കാൻ കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story