Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:59 PM GMT Updated On
date_range 11 Feb 2022 11:59 PM GMTനീലേശ്വരത്ത് കണ്ണടച്ച് കാമറകൾ
text_fieldsbookmark_border
നീലേശ്വരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതം. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കാമറകൾ നശിക്കുമ്പോഴും നഗരസഭ അധികൃതർ കണ്ണുതുറക്കുന്നില്ല. നഗരത്തിൽ നടക്കുന്ന മോഷണങ്ങളും സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടങ്ങളും കണ്ടുപിടിക്കുന്നതിന് മുൻ നഗരസഭ ചെയർമാൻ കെ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കാമറകൾ സ്ഥാപിച്ചത്. 15.6 ലക്ഷം രൂപയാണ് കാമറക്കായി നഗരസഭ ചെലവഴിച്ചത്. കണ്ണൂർ ഗ്ലോബൽ നെറ്റ്വർക്ക് ഐ.ടി സൊല്യൂഷൻ കമ്പനിക്കാണ് കരാർ നൽകിയത്. ദേശീയപാത നിടുങ്കണ്ട, കോട്ടപ്പുറം റോഡ് ജങ്ഷൻ, എൻ.കെ.ബി.എം സ്കൂൾ, പഴയ ചന്ത, ബസ്സ്റ്റാൻഡ് പരിസരം, മേൽപാലം അടിഭാഗം, കോൺവൻറ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. ഇതിലെ ദൃശ്യങ്ങൾ നഗരസഭയിൽ സ്ഥാപിച്ച മോണിറ്ററിൽ കാണാൻ സാധിക്കുംവിധത്തിലുമാണ് ക്രമീകരണം. കുറച്ചു മാസങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാമറകൾ ക്രമേണ ഓരോന്നായി തകരാറായി. കാമറ സ്ഥാപിച്ച കമ്പനിയെ അറിയിച്ച് അവർ നിലച്ച കാമറകൾ വീണ്ടും സ്ഥാപിച്ചു. ചില കാമറകൾ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ നഗരസഭ ഭരണസമിതി പിന്നീട് കാമറകളെ തിരിഞ്ഞുനോക്കാതെയായി. ടി.വി. ശാന്തയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി വന്നിട്ടും നിരീക്ഷണ കാമറകളുടെ തകരാർ പരിഹരിക്കാനോ പുതിയത് സ്ഥാപിക്കാനോ മിനക്കെട്ടില്ല. ലക്ഷങ്ങൾ നഗരസഭ ഖജനാവിൽനിന്ന് തുലച്ചതല്ലാതെ ശാശ്വത പരിഹാരം കാണാൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരത്തിൽ കവർച്ചകൾ നടന്നാൽ പൊലീസിന് കണ്ടുപിടിക്കാൻ ഏറെ സഹായകരമാകുമായിരുന്ന കാമറ പ്രവർത്തനമാണ് നഗരസഭയുടെ അനാസ്ഥമൂലം ഇല്ലാതായത്. nlr cctv camera നഗരത്തിൽ നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറ പൊട്ടിത്തൂങ്ങിക്കിടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story