Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:12 AM GMT Updated On
date_range 1 May 2022 12:12 AM GMTജില്ല വികസന സമിതി യോഗം മയക്കുമരുന്ന്: വിദ്യാർഥി-യുവജനങ്ങളുടെ യോഗം ഉടൻ
text_fieldsbookmark_border
സ്വകാര്യ ആശുപത്രികളുടെ ചൂഷണം ജില്ല മെഡിക്കല്‍ ഓഫിസര്‍, എ.ഡി.എം, സബ് കലക്ടര്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷിക്കും കാസർകോട്: ഗ്രാമപ്രദേശങ്ങളിലടക്കം പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍, യുവജന സംഘങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ വിപുലമായ യോഗം ഉടൻ വിളിക്കും. ജില്ലയിൽ മയക്കുമരുന്ന് മാഫിയ ശക്തമായ സാഹചര്യത്തിൽ ജില്ല വികസന സമിതിയോഗത്തിലാണ് തീരുമാനം. തീയതി പിന്നീട് അറിയിക്കും. എം.രാജഗോപാലന്‍ എം.എല്‍.എയാണ് ഇക്കാര്യം ഉന്നയിച്ചത്. കല്ലളന്‍ വൈദ്യന്‍ സ്മാരക നിര്‍മാണത്തിനായി ഉടന്‍ ഭൂമി വിട്ടുനല്‍കണമെന്നും വീരമല ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ നിർമാണ പ്രവൃത്തി നീണ്ടുപോകുന്നുണ്ടെന്നും പരിഹരിക്കേണ്ടതുണ്ടെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി കലക്ടറുടെ നേതൃത്വത്തില്‍ കരാറുകാരുടെയും എൻജിനീയര്‍മാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചു. കോവിഡ് രോഗികള്‍ കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ടാറ്റ ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താന്‍ ടാറ്റ ആശുപത്രി സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിക്കണമെന്നും അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. ഒരേ രോഗത്തിനുള്ള ചികിത്സക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നുണ്ടെന്നും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ആരോഗ്യ ചികിത്സ പദ്ധതികളില്‍ കാര്‍ഡുള്ള ഗുണഭോക്താക്കള്‍ മുന്‍കൂറായി പണം നല്‍കാനും സ്വകാര്യ ആശുപത്രികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഈ പ്രവണത തടയാനായി ജില്ല മെഡിക്കല്‍ ഓഫിസര്‍, എ.ഡി.എം, സബ്കലക്ടര്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല കലക്ടര്‍ നിർദേശം നല്‍കി. ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി വരുകയാണെന്നും അജാനൂര്‍ സൂനാമി കോളനി, കോടോംബേളൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാണെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന നിര്‍മാണം നടക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നടപടി വേണമെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കോവിഡ്: മാതാപിതാക്കൾ നഷ്ടപ്പെട്ട ഒമ്പത് കുട്ടികൾ കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച ഒമ്പത് കുട്ടികളാണ് ജില്ലയിലുള്ളത്. ഇവര്‍ക്കായി പി.എം കെയര്‍ പദ്ധതിയിലൂടെ നല്‍കുന്ന 10 ലക്ഷം രൂപ പോസ്റ്റ് ഓഫിസില്‍ നിക്ഷേപിച്ചതിന്റെ സേവിങ്സ് കാര്‍ഡ് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ജില്ല വികസന സമിതി യോഗത്തില്‍ ജില്ല കലക്ടര്‍ക്ക് കൈമാറി. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story