‘എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കും’
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിത കമീഷന് ചെയര്പേഴ്സൻ അഡ്വ. പി. സതീദേവി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിത കമീഷന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കുക. ദുരിതബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന വനിത കമീഷന്റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടത്തിവരുന്നത്.
തൊഴിലിടങ്ങളിലെയും സാമൂഹിക ജിവിതങ്ങളിലെമെല്ലാം വിഷയങ്ങള്‍ പ്രത്യേകം പബ്ലിക് ഹിയറിങ്ങുകളായി തെരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് വൈദ്യ പരിശോധന ക്യാമ്പുകള്‍, ആഴ്ചയില്‍ വീടുകളില്‍ വന്നുപോകുന്ന കൗണ്‍സിലര്‍മാരുടെ സേവനം, ബഡ്സ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കാര്യക്ഷമമാക്കല്‍ തുടങ്ങി വിവിധ നിർദേശങ്ങള്‍ സര്‍ക്കാറിന് നല്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. സെന്‍ട്രലൈസ്ഡ് പാലിയേറ്റിവ് കെയര്‍ ആശുപത്രി, പുനരധിവാസ കേന്ദ്രം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കടം എഴുതിത്തള്ളൽ, ദുരിതബാധിതരുടെ കുടുംബത്തിൽ ഒരു സര്‍ക്കാര്‍ ജോലി, ബഡ്സ് സ്കൂളുകളില്‍ തെറാപ്പിസ്റ്റുകളുടെ സേവനം, പെന്ഷന് വിതരണം, മരുന്ന് വിതരണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് പ്രതിനിധികള്‍ അറിയിച്ചത്.
സായ് ട്രസ്റ്റ് നിർമിച്ചു നല്കിയ വീടുകളോട് ചേര്‍ന്ന് അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ കൂടി ആവശ്യമാണെന്നും അറിയിച്ചു. കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, ജില്ല സാമൂഹിക നീതി ഓഫിസര്‍ ആര്യ പി. രാജ് എന്നിവര്‍ സര്‍ക്കാര്‍ നല്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. കേരള വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.