എയിംസിനായി 101 വനിതകൾ നിരാഹാരമിരുന്നു
text_fieldsകാസർകോട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എയിംസ് കാസർകോടിന് വേണമെന്ന് ആവശ്യപ്പെട്ട് 101 വനിതകൾ നിരാഹാരമിരുന്നു. എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ 101ാം ദിനത്തിലാണ് 101 വനിതകൾ ശനിയാഴ്ച സമരത്തിനിറങ്ങിയത്. എയിംസ് സ്ഥാപിക്കാൻ കാസർകോട് ജില്ലയുടെ പേരുകൂടി ഉൾപ്പെടുത്തി പുതിയ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്നാണ് ജനകീയ കൂട്ടായ്മയുടെ പ്രധാന ആവശ്യം. കേരളത്തിന് എയിംസ് ഉടനെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ചയും പ്രഖ്യാപിച്ചിരിക്കെ സമരം ശക്തമാക്കാനാണ് ജനകീയ കൂട്ടായ്മയുടെ ലക്ഷ്യം.
പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ സമരപ്പന്തലിൽ 15കാരി ജൊഫീന ജോണി മുതല്‍ ഉദ്ഘാടകയായ പ്രഫ. കുസുമം ജോസഫ് വരെ നിരാഹാരത്തിൽ അണിനിരന്നു. 20 വയസ്സുള്ള എന്‍ഡോസള്‍ഫാന്‍ രോഗിയായ സൗപര്‍ണേഷ് ജോണിയും സമരത്തില്‍ പങ്കാളിയായി.
സമരപ്പന്തലിനോടുചേര്‍ന്ന് സമര തീജ്വാലകളുടെ സ്മരണയിലൂടെ ഒരു തണല്‍ മരവും നട്ടാണ് 101 ദിവസത്തെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഫറീന കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.പി.ടി.ജോൺ സംസാരിച്ചു. ബാലചന്ദ്രന്‍ കൊട്ടോടിയുടെ ഫ്ലൂട്ട്, ഇഷ കിഷോറിന്റെ നൃത്തം, ഗോകുലും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട്, ഫ്രൈഡേ കൾചറല്‍ സെന്റര്‍ തൈക്കടപ്പുറത്തിന്റെ കോല്‍ക്കളി, ചെറുവത്തൂര്‍ കണ്ണങ്കൈ അമ്പലത്തറ മെഹന്ദി വനിത വേദിയുടെ ഒപ്പന, തിരുവാതിര, സന്ദേശം ചൗക്കിയുടെ ആഭിമുഖ്യത്തില്‍ ചന്ദ്രന്‍ കരുവാക്കോടിന്റെ നാടകം 'പുലികേശി 2' തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് സ്വാഗതം പറഞ്ഞു. എയിംസ് കൂട്ടായ്മ സംഘാടക സമിതി ഭാരവാഹികളായ കെ.ജെ. സജി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആനന്ദന്‍ പെരുമ്പള, സലീം സന്ദേശം ചൗക്കി എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.