കാസർകോട് ജില്ലയില്‍ 1321 പേര്‍ക്കുകൂടി ഇനി സ്വന്തമായി ഭൂമി
text_fieldsകാസർകോട്: രണ്ടാം പിണറായി സര്‍ക്കാറിെൻറ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയവിതരണമേളയില്‍ 1321 പട്ടയങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന പട്ടയ മേള റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ പട്ടയവിതരണമേള കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ എന്നിവര്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ 47 കേരള ഭൂമി പതിവ് പട്ടയങ്ങളും, 60 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും കൈമാറി. മഞ്ചേശ്വരം താലൂക്കില്‍ 58 കേരള ഭൂമി പതിവ് പട്ടയങ്ങളും, 40 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും കൈമാറി. ഹോസ്ദുര്‍ഗ് താലൂക്കില്‍, ഇ. ചന്ദ്രശേഖരന്‍ എ.എല്‍.എയുടെ നേതൃത്വത്തില്‍ 99 കേരള ഭൂമി പതിവ് പട്ടയങ്ങളും, 636 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും കൈമാറി. ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ െവച്ചാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് വിലേജ് ഓഫിസില്‍ വച്ച് നടന്ന പട്ടയ വിതരണ മേളയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ 65 കേരള ഭൂമി പതിവ് പട്ടയങ്ങളും, 151 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.
ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കും
-മന്ത്രി കെ. രാജന്‍
കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണമേള, വെള്ളരിക്കുണ്ട് താലൂക്ക് ഇ- ഓഫിസ്, മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപരിഷ്‌കരണ നിയമത്തിെൻറ 50ാം വാര്‍ഷികത്തിലാണ് ഇന്ന് സംസ്ഥാനം. എന്നാല്‍, കേരളത്തില്‍ ഇപ്പോഴും നിരവധി പേര്‍ ഭൂരഹിതരായി തുടരുന്നു. അതിനാല്‍ തന്നെ നിയമങ്ങളെ മുറുക്കിപ്പിടിച്ച് പരമാവധി പേര്‍ക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് നിലവില്‍ സര്‍ക്കാറിന്റെ കൈയിലുള്ള ഭൂമി മതിയാകാതെ വരും. സംസ്ഥാനത്ത് അനധികൃതമായി കൈവശം െവച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. 216 പട്ടയങ്ങളാണ് വെള്ളരിക്കുണ്ട് താലൂക്കില്‍ വിതരണം ചെയ്തത്. 65 കേരള ഭൂമി പതിവ് പട്ടയങ്ങളും, 151 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. കോടോത്ത്, കരിന്തളം, ബേളൂര്‍, തായന്നൂര്‍, പരപ്പ, വെസ്റ്റ് എളേരി, കള്ളാര്‍, പനത്തടി, ബന്തടുക്ക, മാലോം വില്ലേജുകളിലാണ് പട്ടയം വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.