ഒറ്റദിവസം വാഹനപരിശോധനയിൽ കുടുങ്ങിയത് 1370 പേർ
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ ഒറ്റദിവസം കുടുങ്ങിയത് 1370 പേർ. ജില്ലയില്‍ വാഹനപരിശോധന ഊര്‍ജിതമാക്കുന്നതിന് മുന്നോടിയായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ ഒറ്റയടിക്ക് പിടിയിലായത്. ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി. കെ. സുനില്‍കുമാര്‍, പി. ബാലകൃഷ്ണന് നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷന് പരിധിയിലും പരിശോധന നടന്നത്. കാസർകോട് സബ് ഡിവിഷനില്‍ 554 പിഴ കേസുകളും ബേക്കല്‍ സബ് ഡിവിഷനില്‍ 430 കേസുകളും ഹോസ്ദുര്‍ഗ് സബ് ഡിവിഷനില്‍ 386 കേസുകളും രജിസ്റ്റർ ചെയ്തു. ജില്ലയെ പൂര്‍ണമായും ലഹരിമുക്തമാക്കാന്‍ ഉദ്ദേശിച്ചുകൂടിയായിരുന്നു വ്യാപക വാഹനപരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചതായാണ് പരിശോധനയിൽ വ്യക്തമാകുന്നത്. പൊലീസ് കൈകാണിച്ചാലും നിർത്താതെ വാഹനം ഓടിച്ചുപോകുന്നതും നിത്യസംഭവമായി. അപകട സാധ്യത മനസ്സിലാക്കി പൊലീസ് പിന്തുടരുന്നത് കുറഞ്ഞ സാഹചര്യം മുതലെടുത്താണ് പലരും നിർത്താതെ ഓടിച്ച് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.