വോട്ടെണ്ണാൻ 1500 ജീവനക്കാർ; ആഹ്ലാദപ്രകടനത്തിന് നിയന്ത്രണം
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം. അന്നേ ദിവസം വൈകീട്ട് ആറുമണിയോടെ ആഹ്ലാദ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് കലക്ടർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ നാല് മുതല്‍ ജൂണ്‍ അഞ്ച് രാവിലെ ആറ് വരെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്ത് അഞ്ചിൽ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാനോ ഒന്നിച്ച് നടക്കാനോ പാടില്ല. മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പരിപാലനം, അഗ്നിരക്ഷ സേവനം, ഗവണ്മെന്റ് നടപടികൾ എന്നിവക്ക് തടസ്സമില്ല. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി നിഷ്കര്‍ഷിക്കുന്ന നിയമ നടപടികള്‍ സ്വീകരിക്കും.
വോട്ടെണ്ണലിന് 1500 ജീവനക്കാരെ നിയോഗിച്ചതായി കലക്ടർ പറഞ്ഞു. ഇതിന് പുറമെ ഒമ്പത് സ്ഥാനാര്‍ഥികളും ഒമ്പത് ചീഫ് ഏജന്റുമാരും 663 ഏജന്റുമാരും കൗണ്ടിങ് സെന്ററിലുണ്ടാകും.
പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക. ഗംഗോത്രി ബ്ലോക്കില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെയും കാവേരി ബ്ലോക്കില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കും.
ഉപവരണാധികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍. സബര്‍മതി ബ്ലോക്കില്‍ വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുത്തും.
വരണാധികാരിയുടെ ജീവനക്കാര്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് സെന്ററായ സബര്‍മതി ബ്ലോക്കിലെത്തും. ഗംഗോത്രി ബ്ലോക്കില്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് സ്ട്രോങ് റൂം തുറക്കും.
രാവിലെ അഞ്ചിന് നര്‍മ്മദ ബ്ലോക്കില്‍ ഉപവരണാധികാരികളുടെ ജീവനക്കാര്‍ ഹാജരാകും. സബര്‍മതി ഹാളില്‍ രാവിലെ അഞ്ചിന് വരണാധികാരിയുടെ നേതൃത്വത്തിൽ പൊതു നിരീക്ഷകന്റെ സാന്നിധ്യത്തിൽ ജീവനക്കാരുടെ മൂന്നാം ഘട്ട റാന്ഡമൈസേഷന് നടക്കും.
ജൂൺ നാലിന് രാവിലെ ആറിന് കൗണ്ടിങ് ജീവനക്കാര്‍ നര്‍മ്മദ ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യും. രാവിലെ ആറിന് ഇ.വി.എം മഞ്ചേശ്വരം എല്‍.എ.സി സ്ട്രോങ് റൂമും തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളും തുറക്കും.
പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ജീവനക്കാരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും രാവിലെ ഏഴിനകം സബര്‍മതിയില്‍ എത്തിച്ചേരും. ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിങ് ജീവനക്കാരും കൗണ്ടിങ് ഏജന്റും രാവിലെ ഏഴിന് സബര്‍മതി ബ്ലോക്കിലെ റൂം നമ്പര്‍ 202ല്‍ എത്തും.
ഇ.വി.എം കൗണ്ടിങ് സ്റ്റാഫും ഏജന്റുമാരും അതാത് നിയോജക മണ്ഡലങ്ങളുടെ കൗണ്ടിങ് റൂമുകളിലേക്ക് രാവിലെ 7.30ന് എത്തിചേരും.രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. 8.30ന് ഇ.വി.എം എണ്ണും. കേന്ദ്രസര്‍വകലാശാല ക്യാമ്പസിന് ജൂൺ മൂന്നിനും നാലിനും അവധി.
കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല
കൗണ്ടിങ് ഹാളില്‍ മൊബൈൽ ഫോൺ, സ്മാര്‍ട്ട് വാച്ചുകള്‍, കാൽകുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല.
യമുന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ മാത്രമേ മൊബൈല്‍ ഫോണിന് അനുവാദമുള്ളു. കാമ്പസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്കുന്ന ക്യു.ആര്.കോഡ് ഐ.ഡി കാര്‍ഡ് കരുതണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാണ്.
കൗണ്ടിങ് റൂമുകള്‍
മഞ്ചേശ്വരം- റൂം നമ്പര്‍ 113, ഗംഗോത്രി ബ്ലോക്ക്
കാസര്‍കോട് - റൂം നമ്പര്‍ 220, ഗംഗോത്രി ബ്ലോക്ക്
ഉദുമ- റൂം നമ്പര്‍ 214, ഗംഗോത്രി ബ്ലോക്ക്
കാഞ്ഞങ്ങാട്- റൂം നമ്പര്‍ 111 കാവേരി ബ്ലോക്ക്
തൃക്കരിപ്പൂര്‍- റൂം നമ്പര്‍ 119 കാവേരി ബ്ലോക്ക്
പയ്യന്നൂര്‍- റൂം നമ്പര്‍ 211 കാവേരി ബ്ലോക്ക്
കല്ല്യാശ്ശേരി- റൂം നമ്പര്‍ 219 കാവേരി ബ്ലോക്ക്
സുരക്ഷ സന്നാഹം ശക്തം
വോട്ടെണ്ണൽ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പേരുൾപ്പെടുന്ന പൊലീസ് സേനയെ വിന്യസിക്കുമെന്ന് ജില്ല പൊലീസ് മേധാവി പി. ബിജോയി പറഞ്ഞു ആഹ്ലാദപ്രകടനങ്ങൾ വൈകീട്ട് ആറ് മണിക്കകം അവസാനിപ്പിക്കണമെന്നാണ് നിർദേശം.
അഹ്ലാദപ്രകടനം നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച ചെയ്ത് സുരക്ഷ ഉറപ്പാക്കും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. അഖിൽ മീഡിയ നോഡൽ ഓഫീസറായ ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.