കാസർകോട് ജില്ലയിൽ വാഴ്സിറ്റിയുടെ 16.5 കോടി രൂപയുടെ പദ്ധതി
text_fieldsകാസർകോട്: കണ്ണൂർ സർവകലാശാലക്കു കീഴിൽ ജില്ലയിൽ വാഴ്സിറ്റിയുടെ 16.5 കോടി രൂപയുടെ പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മഞ്ചേശ്വരത്തും നീലേശ്വരത്തും ഹോസ്റ്റലുകളും നീലേശ്വരത്ത് ഫോക് ലോർ അക്കാദമിയുമാണ് പദ്ധതി.
മഞ്ചേശ്വരം കാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ, നീലേശ്വരം കാമ്പസിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ, ഫോക് ലോർ അക്കാദമിയുടെ പുതിയ ബ്ലോക്ക് എന്നിവയുടെ സൈറ്റ് കിഫ്ബി പ്രോജക്ട് മാനേജർ ആൽവിൻ ജോസഫ്, സിൻഡിക്കേറ്റ് മെംബർ ഡോ. എ. അശോകൻ ഡെവലപ്മെൻറ് ഓഫിസർ ഡോ. എം.കെ. രാധാകൃഷ്ണൻ, സി.പി.ഡബ്ല്യു.ഡി എൻജിനീയർ അനീഷ, കിഫ്ബി എൻജിനീയർ ഇ.കെ. ഹൈദ്രു, പ്രോജക്ട് എൻജിനീയർ ജോസഫ് കാമറൂൺ, കാമ്പസ് ഡയറക്ടർ സി.സി. മണികണ്ഠൻ, ഡോ. ഷീന ഷുക്കൂർ എന്നിവർ സന്ദർശിച്ചു.
നീലേശ്വരത്ത് 6.5 കോടി രൂപക്കുള്ള ആൺകുട്ടികളുടെ ഹോസ്റ്റലും 3.5 കോടി രൂപക്കുള്ള ഫോക് ലോർ അക്കാദമിയുടെ നിർദിഷ്ട സ്ഥലവും സംഘം സന്ദർശിച്ചു. മഞ്ചേശ്വരത്ത് 6.5 കോടി രൂപയുടെ പെൺകുട്ടികളുടെ ഹോസ്റ്റലും അനുബന്ധ വികസന പ്രവർത്തനങ്ങളും കാമ്പസിന്റെ മുന്നോട്ടുള്ള പോക്കിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതാണെന്ന് സംഘം പറഞ്ഞു.
രണ്ട് കാമ്പസുകളിലെയും സൈറ്റ് പരിശോധനയിൽ സംഘം തൃപ്തി രേഖപ്പെടുത്തി. ഇത് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ കുതിപ്പിന് ആക്കം കൂട്ടുന്ന പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ്.
കൂടാതെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നിർമിക്കാൻ പോകുന്ന പെൺകുട്ടികളുടെ ഹോസ്റ്റലും ബന്ധപ്പെട്ട സൗകര്യങ്ങളും ഉന്നത സംഘം വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.