നാലുമാസം; കാസർകോട് ജില്ലയിൽ കാപ്പ ചുമത്തിയത് 19 പേർക്ക്
text_fieldsകാസർകോട്: സാമൂഹിക വിരുദ്ധ പ്രവർത്തനം തടയുന്നതിന് നടപ്പാക്കിയ 'കാപ്പ' നിയമപ്രകാരം ജില്ലയിൽ ഈ വർഷം 19 പേർക്കെതിരെ നടപടി. പുതിയ വർഷം തുടങ്ങി നാലുമാസം പൂർത്തീകരിക്കുന്നതിനുമുമ്പാണ് ഇത്രയും പേർക്കെതിരെ നടപടിയെടുക്കുന്നത്. സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും ഇത് തുടരുമെന്നും ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു. 19 പേര്‍ക്കെതിരെ കാപ്പ സെക്ഷന്‍ മൂന്ന് പ്രകാരം ജില്ല കലക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിൽ നാലുപേരെ ജയിലിലടച്ചു. നാലുപേര്‍ക്കെതിരെ കാപ്പ സെക്ഷന്‍ 15 പ്രകാരം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ രണ്ട് പേര്‍ക്കെതിരെ നാടുകടത്തല്‍ നടപടി സ്വീകരിച്ചു. മയക്കുമരുന്ന് കടത്തുകാര്‍, വാടക ഗുണ്ടകൾ, പിടിച്ചുപറിക്കാര്‍, അസാന്മാർഗിക പ്രവര്‍ത്തകര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യം ചെയ്യുന്നവര്‍, മണല്‍ മാഫിയ, സാമുദായിക പ്രശ്നക്കാര്‍ എന്നിവരാണ് നടപടിക്ക് വിധേയരായവരിൽ കൂടുതൽ. മയക്കുമരുന്ന് ഇടപാട് കേസിലും നടപടി കടുപ്പിച്ചതായി പൊലീസ് മേധാവി പറഞ്ഞു.
ഈ വർഷം മയക്കുമരുന്ന് കടത്തിയ ഒമ്പത് കേസുകളിലായി 14 പേര്‍ക്കെതിരെയും കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കടത്തിയതിന് 33 കേസുകളിലായി 39 പേര്‍ക്കെതിരെയും നടപടിയെടുത്തു. മയക്കുമരുന്ന് ഉപയോഗിച്ചതിന് 263 കേസുകളിലായി 315 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ജില്ലയിൽ സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെയും കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.