2021 കാസർകോടിന് പ്രതീക്ഷകളും പ്രതിസന്ധികളും തന്ന വർഷം
text_fieldsപുതിയ സമരോദയമായി 'എയിംസ്'
കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കാസർകോടിന് വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം തലസ്ഥാന നഗരി വരെയെത്തി. സംസ്ഥാനം നൽകുന്ന പട്ടികയിൽ ജില്ലയെ ഉൾപ്പെടുത്തണമെന്നാണ് എയിംസ് ജനകീയ കൂട്ടായ്മയുടെ ആവശ്യം. സർവകക്ഷി പിന്തുണയോടെ തുടങ്ങിയ സമരത്തിൽനിന്ന് ഇടതുപക്ഷ ജനപ്രതിനിധികളും ഭാരവാഹികളും പിന്നീട് പിൻമാറി. എയിംസ് കാസർകോട്ട് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഭരണപക്ഷ സംഘടനകളുടെ പിന്മാറ്റം. എയിംസ് കോഴിക്കോട് സ്ഥാപിക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും തളരാത്ത സമരാവേശവുമായി എയിംസ് കൂട്ടായ്മ രംഗത്തുണ്ട്.
ആദ്യമായി വനിത കലക്ടർ
ജില്ല നിലവിൽവന്ന ശേഷം ആദ്യമായി വനിത കലക്ടർ എത്തിയത് 2021ൽ. മഹാരാഷ്ട്ര സ്വദേശിനി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കലക്ടറായി ജൂലൈ 13ന് ചുമതലയേറ്റു. വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ പദവിയിൽനിന്നാണ് ഇവർ ജില്ലയിലെത്തുന്നത്. 2016ൽ കോട്ടയം കലക്ടറായിരുന്നു.
പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിലെ സി.ബി.ഐ അന്വേഷണത്തിൽ മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ ഉൾെപ്പടെ 10പേരെ കൂടി പ്രതിചേർത്തത് സി.പി.എമ്മിനെ ഞെട്ടിച്ചു. 20ാം പ്രതിയാണ് ഇദ്ദേഹം. വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കൾ ആവർത്തിച്ചു പറയുന്നതിനിടെയാണ് മുൻ എം.എൽ.എ കൂടി പ്രതിയാവുന്നത്.
പണിതിട്ടും പണിതീരാതെ മെഡിക്കൽ കോളജ്
2013 നവംബർ 30ന് തറക്കല്ലിട്ടതാണ് ഉക്കിനടുക്കയിലെ കാസർകോട് ഗവ. കോളജ്. ഒപ്പം പ്രഖ്യാപിച്ച മെഡിക്കൽ കോളജുകൾ ഉദ്ഘാടനം ചെയ്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജില്ലയിലേത് അക്കാദമിക് ബ്ലോക്ക് മാത്രമാണ് ആകെ പൂർത്തീകരിച്ചത്. ആശുപത്രി സമുച്ചയം പണി പുരോഗമിക്കുന്നു. കോവിഡ് മൂർധന്യവേളയിൽ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി ഉപയോഗിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ ഉപകാരം പോലുമില്ലെന്ന പരാതികൾക്കൊടുവിൽ പുതുവർഷത്തിൽ ഒ.പി തുടങ്ങാൻ തീരുമാനിച്ചിരിക്കയാണ്. ജനുവരി മൂന്നിന് ഒ.പി തുടങ്ങുന്നതിനു മുന്നോടിയായി ന്യൂറോളജിസ്റ്റിനെ നിയമിച്ചത് ഡിസംബർ 29ന്. സർക്കാർ മേഖലയിൽ ജില്ലയിലെ ആദ്യ ന്യൂറോളജിസ്റ്റ് ആണ്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ
ബി.ജെ.പി കേരള ഘടകത്തെ വരിഞ്ഞുമുറുക്കിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ വിവാദം കെട്ടടങ്ങിയിട്ടില്ല. പാർട്ടിയുടെ എ ക്ലാസ് ആയി വിശേഷിപ്പിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എതിർ സ്ഥാനാർഥി ബി.എസ്.പിയിലെ കെ. സുന്ദരക്ക് പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലാണ് വിവാദമായത്. ജൂൺ ഏഴിന് സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെചോദ്യം ചെയ്തു കഴിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു.
വഖഫ് ഭൂമിയിൽ കോവിഡ് ആശുപത്രി
കോവിഡ് കാലത്ത് ജില്ലക്ക് ഏറെ പ്രയോജനമായ ടാറ്റ കോവിഡ് ആശുപത്രി വഖഫ് ഭൂമിയിലാണെന്ന വിവരം പുറത്തുവന്നത് ഈ വർഷം ഡിസംബറിൽ. പകരം ഭൂമി നൽകാമെന്ന ഉറപ്പിൽ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സിെൻറ 4.12 ഏക്കർ ഭൂമിയാണ് ആശുപത്രി നിർമിക്കാൻ വിട്ടുകൊടുത്തത്. പകരം ഭൂമി നൽകാത്തതിനാൽ ആശുപത്രി സ്ഥലം തിരിച്ചുപിടിക്കാൻ വഖഫ് ബോർഡ് തീരുമാനിച്ചതോടെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
പ്രഥമ പൗരെൻറ സന്ദർശനം
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 21ന് ജില്ലയിലെത്തി. മൂന്നുദിവസത്തെ കേരള സന്ദർശനം തുടങ്ങിയത് കാസർകോട്ടുനിന്നായിരുന്നു. പെരിയ കേന്ദ്രസർവകലാശാലയിലെ ബിരുദദാന ചടങ്ങിലെ മുഖ്യാതിഥിയായി അദ്ദേഹം. ഉച്ചക്കുശേഷം മൂന്നരക്കായിരുന്നു ചടങ്ങ്. സ്ഥലം എം.പിയെയും എം.എൽ.എയെയും ചടങ്ങിൽ പങ്കെടുപ്പിക്കാത്ത സർവകലാശാല നടപടി വിവാദമായി.
എൻഡോസൾഫാൻ സെൽ യോഗം മുടങ്ങിതന്നെ
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നപരിഹാരം മുൻനിർത്തിയാണ് എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെൽ രൂപവത്കരിച്ചത്. രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരണമെന്നാണ് നിയമം. 15മാസമായി യോഗം നടന്നില്ല. സെൽ പുനഃസംഘടിപ്പിക്കണമെന്നാണ് ന്യായം പറയുന്നത്. അതും നടന്നില്ല. ദുരിതബാധിതർ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടും സെൽ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ കത്തയച്ചിട്ടും ഒന്നും നടക്കുന്നില്ല. ദുരിതം പേറുന്നവരെ എരിതീയിലേക്ക് തള്ളിവിട്ട വർഷം കൂടിയാണ് 2021.
കെൽ- ഇ.എം.എൽ പിറന്ന വർഷം
കാസർകോട്ടെ പൊതുമേഖല സ്ഥാപനമായ ഭെൽ ഇ.എം.എൽ കമ്പനി കെൽ- ഇ.എം.എൽ ആയ വർഷം കൂടിയാണ് പിന്നിട്ടത്. ഭെല്ലിെൻറ കൈവശമുള്ള 51ശതമാനം ഓഹരി സംസ്ഥാനം വാങ്ങി കമ്പനി സ്വന്തമാക്കി. 2020 മാർച്ചിൽ അടച്ചുപൂട്ടിയ കമ്പനി തുറക്കാനും ബാധ്യതകൾ തീർക്കാനുമായി 77കോടിയുടെ പാേക്കജും പ്രഖ്യാപിച്ചു. കമ്പനി തുറക്കാൻ വൈകുന്നുണ്ടെങ്കിലും സർക്കാർ തീരുമാനം കൈയടി നേടി. പോയവർഷം ജില്ലക്കുണ്ടായ ഏറ്റവും വലിയ നേട്ടമാണ് കേന്ദ്രം വിൽപനക്കുവെച്ച കമ്പനി കേരളം വിലയ്ക്കു വാങ്ങിയ ഈ നടപടി.
അഭിമാനമായി പാലായി റെഗുലേറ്റർ കം ബ്രിഡ്ജ്
പ്രഥമ മുഖ്യമന്ത്രിയായി ഇ.എം.എസ് നമ്പൂതിരിപ്പാട് നീലേശ്വരം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പോൾ അദ്ദേഹം വിഭാവനം ചെയ്ത പദ്ധതിയാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ്. ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു. ജലസേചനത്തിലൂടെ 5000 ഹെക്ടറോളം കൃഷി അഭിവ്യദ്ധിപ്പെടുത്താൻ ഈ പദ്ധതി സഹായകമാകും. മേഖലയിൽ മികച്ച ഗതാഗതത്തിന് ഉപകരിക്കുന്ന പദ്ധതികൂടിയാണ് 2021 സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.