2025; പ്രതീക്ഷയോടെ കാസർകോട്
text_fieldsരണ്ടായിരത്തിലെ 24 വർഷങ്ങൾ പിന്നിലേക്ക് മാഞ്ഞുപോയപ്പോൾ ഇതാ 2025ലെ പുതുനാമ്പ് മൊട്ടിട്ട് വിരിഞ്ഞിരിക്കുന്നു. പ്രതീക്ഷകളുടെ സുഗന്ധംപരത്തുന്ന പൂക്കളായി അത് നമ്മെ കൂടുതൽ ആഹ്ലാദിപ്പിക്കുന്നുണ്ട്. ഈ നവവത്സര ദിനം ജില്ലക്ക് പ്രതീക്ഷകളേറെയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത്…
ദേശീയപാത നിർമാണം
കേരളത്തിന്റെ വടക്കേയറ്റത്തുള്ള അതിർത്തിക്കടുത്ത് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റർ നീളത്തിൽ ദേശീയപാത നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുമ്പോൾ ഏറെ പ്രതീക്ഷയാണത് ജില്ലക്കും നൽകുന്നത്. ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുന്നതോടൊപ്പം അടിക്കടി സംഭവിക്കുന്ന അപകടങ്ങൾക്ക് ഒരുപരിധിവരെ തടയിടാനാകുമെന്നും കരുതുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം കടന്നുപോകുന്നതും ജില്ലയുടെ നഗരഹൃദയത്തിലൂടെയാണ് എന്ന സവിശേഷതയുമുണ്ട്.
ആരോഗ്യമുള്ള ജില്ല
ആരോഗ്യരംഗത്ത് എന്നും അവഗണനയുടെ സൂചിമുന കുത്തിക്കയറിയ ജില്ലക്ക് പ്രതീക്ഷയുടെ നാമ്പായി മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമായി തുടങ്ങാനാകുമെന്ന് കരുതുന്നുണ്ട്. കൂടാതെ, ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് താലൂക്കാശുപത്രി, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഭിന്നശേഷി സൗഹൃദമാക്കാനും ആധുനിക സൗകര്യങ്ങൾ ആർജിച്ചെടുക്കാനും കഴിയുമെന്നും കരുതുന്നുണ്ട്.
റെയിൽവേ വികസനം
യാത്രാമാർഗത്തിന് ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഒന്നാണ് റെയിൽവേ. കാസർകോട് ജില്ലയെ സംബന്ധിച്ചിടത്തോളം റെയിൽവേയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ജില്ലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിൽപെടുത്തി നവീകരിക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിൽ അതിവേഗം നടക്കുന്നുണ്ട്. ഇത് ജനങ്ങൾക്ക് ആശ്വാസമുള്ളതാണ്. കൂടാതെ, റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
നീലേശ്വരം താലൂക്ക്
നീലേശ്വരം ആസ്ഥാനമായി 40 വർഷം മുമ്പ് പ്രഖ്യാപിച്ച താലൂക്ക് എന്ന ആവശ്യത്തിന് സർക്കാറിന്റെ അനുകൂല തീരുമാനം കാത്തിരിക്കുന്നു. 2025 വർഷത്തിലെങ്കിലും നീലേശ്വരം താലൂക്കെന്ന സ്വപ്നം പൂവണിയുന്നതിന് കാത്തിരിക്കുകയാണ് നീലേശ്വരം ജനത.
ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്
നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഇപ്പോഴും നിർമാണംതുടരുകയാണ്. ദേശീയപാതയിൽ നിന്ന് നീലേശ്വരം നഗരവുമായി ബന്ധിപ്പിക്കുന്ന കടിഞ്ഞിക്കടവ് പാലം, മാട്ടുമ്മൽ - കടിഞ്ഞിക്കടവ് പാലം എന്നിവയും പുതിയവർഷത്തെ സ്വപ്നമാണ്.
ഗതാഗതക്കുരുക്കിന് പരിഹാരം
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോട്ടച്ചേരി മുതൽ അലാമിപ്പള്ളി വരെ ആകാശപാതയെന്ന പ്രഖ്യാപനം 2024 അവസാനിച്ചപ്പോഴും കടലാസിൽ തന്നെ. ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികളുണ്ടായില്ല. കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതിയാണിത്.
നീലേശ്വരം താലൂക്ക് മേൽനടപ്പാത ചുവപ്പുനാടയിൽ
തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നതിന് പരിഹാരമായി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ മേൽനടപ്പാത എന്ന ആവശ്യത്തിനും പരിഹാരമായില്ല. ഇതിനായി തുടർനടപടികൾ ഒന്നുമുണ്ടായിട്ടില്ല.
കുശാൽ നഗർ റെയിൽവേ മേൽപാലം തുടർനടപടിയുണ്ടായില്ല
തീരദേശ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമായി കുശാൽ നഗർ റെയിൽവേ ഗേറ്റിന് പകരം മേൽപ്പാലമെന്ന ആവശ്യം 2024ലും പരിഹാരമാകാതെ കിടക്കുന്നു. കഴിഞ്ഞ വർഷം പ്രാരംഭ നടപടികൾ മാത്രമുണ്ടായെങ്കിലും യാഥാർഥ്യത്തിലേക്കെത്തിയില്ല. ഇഖ്ബാൽ ഗേറ്റിൽ മേൽപാലമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.
കാഞ്ഞങ്ങാട് റെയിൽവേ വികസനം അകലെത്തന്നെ
പ്രധാന സ്റ്റേഷനായ കാഞ്ഞങ്ങാട് റെയിൽവേ വികസനം അകലെത്തന്നെ. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ നിരന്തരം സമ്മർദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. കോവിഡ് കാലത്ത് നിർത്തലാക്കിയ നിസാമുദ്ദീൻ - എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസിന്റെ സ്റ്റോപ് പുന:സ്ഥാപിക്കപ്പെട്ടില്ല.
കാണിയൂർ പാത
കാഞ്ഞങ്ങാട് നിന്ന് കാണിയൂർ വരെ മലയോര റെയിൽപാതയിലും തുടർനടപടികളുണ്ടാകാതെ 2024 കടന്നുപോയി.
ഓപൺ സ്റ്റേഡിയം
കാഞ്ഞങ്ങാടിന് ഓപൺ സ്റ്റേഡിയമെന്ന ആവശ്യത്തിനും നടപടി പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.