28 നോമ്പിന്റെ വ്രതശുദ്ധിയിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത
text_fieldsകാഞ്ഞങ്ങാട്: പുണ്യമാസത്തിൽ 28 നോമ്പെടുത്ത വിശുദ്ധിയുമായി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത. ശരീരത്തിനൊപ്പം മനസ്സും ശുദ്ധീകരിച്ചു. തനിക്കനുഭവപ്പെടുന്ന ആത്മനിർവൃതി പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമെന്ന് ടീച്ചർ ‘മാധ്യമ’ത്തോട് മനസ് തുറന്നു. മുടങ്ങാതെ നോമ്പനുഷ്ഠിക്കുകവഴി ശരീരത്തെയും മനസ്സിനെയും ഒരേ പോലെ സ്വയം കീഴ്പ്പെടുത്താൻ കഴിയുമെന്ന് ബോധ്യമായി. പട്ടിണി കിടക്കുന്നവനിൽ വിശപ്പുണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കാനും വ്രതം ഉപകരിച്ചു. ഇതാദ്യമായാണ് മുഴുവൻ നോമ്പുമെടുക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ നേരിയ തോതിൽ പ്രയാസമുണ്ടായതൊഴിച്ചാൽ പിന്നീട് ഒരു ബുദ്ധിമുട്ടുമില്ലെന്ന് സുജാത പറഞ്ഞു.
പുലർച്ച അഞ്ചിന് മുമ്പുതന്നെ ഭക്ഷണം കഴിച്ച് വ്രതത്തിലേക്കെത്തുകയാണ്. ആദ്യ രണ്ടു ദിനങ്ങളിൽ സൂപ്പ് കഴിച്ചു. വൈകീട്ട് ബാങ്ക് വിളി കേട്ടാൽ വെള്ളമോ പഴച്ചാറുകളോ ഉപയോഗിച്ച് നോമ്പുതുറക്കും. ഇതിനുശേഷവും നിയന്ത്രിത ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂവെന്ന് അവർ പറഞ്ഞു. മനസ്സിെന്റ സംസ്കരണത്തോടൊപ്പം ഭക്ഷണം കഴിക്കാതെ ശരീരത്തെ നിയന്ത്രിക്കാൻ കഴിയുമോയെന്നറിയാൻ കൂടിയാണ് വ്രതമനുഷ്ഠിക്കുന്നത്. നോമ്പുകാലത്ത് മനസ്സിനും ശരീരത്തിനും നല്ല അനുഭവമാണുണ്ടാകുകയെന്ന് വിശ്വാസികൾ പറയുമ്പോൾ അത് നേരിട്ടനുഭവിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ മാസത്തിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ വ്രതമെടുക്കാറുണ്ടായിരുന്നു. അന്നൊക്കെ വെറുതേ രസത്തിനായിരുന്നു നോമ്പെടുത്തതെങ്കിൽ ഇത്തവണ നോമ്പിന്റെ സത്ത ഉൾക്കൊണ്ട് തന്നെയാണ് അനുഷ്ഠിച്ചതെന്ന് സുജാത പറയുന്നു. വീട്ടുകാരുടെ പൂർണ സഹകരണമുണ്ടായി. നോമ്പെടുക്കാൻ എല്ലാ സഹായവും ഒരുക്കിത്തന്നത് കുടുംബം തന്നെ. വിഷുദിനത്തിലും നോമ്പെടുത്തപ്പോഴും വീട്ടുകാർക്ക് എതിർപ്പുണ്ടായില്ല.
മിക്ക ദിവസങ്ങളിലും നോമ്പുതുറക്കുന്നത് വീട്ടിൽവെച്ചു തന്നെയാണ്. വ്രതമെടുക്കുന്നുവെന്ന കാരണത്താൽ പൊതുപരിപാടികൾ ഒഴിവാക്കേണ്ടിവന്നിട്ടില്ലെന്നും നല്ലൊരനുഭവമാണ് നോമ്പുകാലം തന്നിട്ടുള്ളതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.