വിശപ്പകറ്റാൻ 43 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍
text_fieldsകാസർകോട്: ജില്ലയുടെ വിശപ്പകറ്റാൻ 178 വനിതകളുടെ ഉപജീവനമായി 43 ജനകീയ ഹോട്ടലുകള്‍. ഗ്രാമീണ മേഖലകളില്‍ 37ഉം നഗരങ്ങളില്‍ ആറും ജനകീയ ഹോട്ടലുകള്‍ ജില്ലയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുകയാണ്. പട്ടികവര്‍ഗ മേഖലയില്‍ 32ഉം തീരദേശ മേഖലയില്‍ ഒമ്പതും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ ഒമ്പത് വീതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏഴും കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ ആറ് വീതവും ജനകീയ ഹോട്ടലുകള്‍ പ്രവർത്തിക്കുന്നുണ്ട്. ജില്ലയില്‍ പ്രതിദിനം ശരാശരി 8000 പൊതിച്ചോറാണ് ജനകീയ ഹോട്ടല്‍ വഴി വിറ്റഴിക്കുന്നത്.
സര്‍ക്കാറിന്റെ വിശപ്പുരഹിതം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന കുടുംബശ്രീ സംരംഭ പദ്ധതിയാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. പൊതുജനങ്ങള്‍ക്ക് ന്യായവില 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് പ്രാധാന്യം കൊടുത്ത് നടപ്പാക്കുന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവില്‍ സപ്ലൈസും ഉള്‍പ്പെടുന്ന കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് മുന്നോട്ടുപോവുന്നത്. ജനകീയ ഹോട്ടലുകളെല്ലാം വളരെ മികച്ച രീതിയിലാണ് നടന്നുവരുന്നതെന്നും ഓരോ പ്രദേശത്തെയും പ്രാദേശിക രുചിഭേദങ്ങളും ഇവിടങ്ങളില്‍ നല്‍കുന്നുണ്ടെന്നും കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.